ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ കാണാൻ അമ്മക്കും അനുമതി. ജാദവിന്‍റെ അമ്മ അവന്തിക യാദവിനും ഭാര്യക്കും ഡിസംബർ 25ന് ജയിലിൽ കൂടിക്കാഴ്ച നടത്താമെന്നാണ് ലഭിക്കുന്ന വിവരം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷൻ ഒാഫീസിലെ ഉദ്യോഗസ്ഥന് ഇരുവരെയും അനുഗമിക്കാം. കൂടിക്കാഴ്ചക്ക് അനുമതി നൽകിയ വിവരം പാക് വിദേശകാര്യ ഒാഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ജാദവിനെ കാണാൻ ഭാര്യക്ക് മാനുഷിക പരിഗണന മുൻനിർത്തി നവംബർ 10ന് പാക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ, അമ്മയുടെ അപേക്ഷയിൽ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു.
ജാദവിന് കുടുംബവുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരത്തിനായി ഇന്ത്യൻ സർക്കാർ ശ്രമം നടത്തി വരികയായിരുന്നു. ഇതിനായി ജാദവിന്‍റെ അമ്മ വിസാ അപേക്ഷയും നൽകി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് കത്തും അയച്ചെങ്കിലും പാകിസ്താൻ പ്രതികരിച്ചിരുന്നില്ല. അമ്മയുടെ അപേക്ഷയിലാണ് ഇന്ന് അനുമതി നൽകിയത്.
ബലൂചിസ്താനിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2016 മാർച്ച് മൂന്നിന് അറസ്റ്റിലായ 46കാരനായ ജാദവിനെ പാക് സൈനിക കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്. ഇന്ത്യയുടെ പരാതിയെ തുടർന്ന് ജാദവിെൻറ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.