ന്യൂഡല്‍ഹി: മകളുടെ മൃതദേഹം ബാലമായി ദഹിപ്പിച്ച ശേഷം വീട്ടില്‍ പോയി ഉറങ്ങാനാണ് പുരോഹിതനടക്കം കൊലയാളികള്‍ തന്നോട് പറഞ്ഞതെന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുകാരിയുടെ അമ്മ. കരയരുതെന്നും ഒച്ചവെക്കരുതെന്നും പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും അവയവങ്ങള്‍ വില്‍ക്കുമെന്നും അയാള്‍ പറഞ്ഞെന്നും മാതാവ് പറയുന്നു.
അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു താനെന്നും ആ അമ്മ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ പുരാനാ നങ്കല്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഓടിക്കളിച്ച് ദാഹിച്ചപ്പോള്‍ വീടിനടുത്തുള്ള ശ്മശാനത്തിലെ കൂളറിലേക്ക് വെള്ളം കുടിക്കാന്‍ പോയപ്പോഴാണ് ഒമ്പതുകാരി ദലിത് പെണ്‍കുട്ടി ക്രൂരതക്കിരയായത്. ശ്മശാനത്തിലെ പുരോഹിതന്‍ രാധേശ്യാം അടക്കം നാലു പേര്‍ അവളെ ശ്മശാനത്തില്‍വെച്ച് ക്രൂര പീഡിനത്തിനിരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ഏറെ നേരമായിട്ടും മകള െകാണാതായതോടെ അമ്മ അന്വേഷണം ആരംഭിച്ചു. കൂളറില്‍നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടി ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞ് പുരോഹിതന്റെ കൂട്ടാളികള്‍ തന്നെ മൃതദേഹം അമ്മക്ക് മുന്നിലെത്തിച്ചു. തുടര്‍ന്ന് കുടുംബത്തിനുമേല്‍ സമ്മര്‍ദം ചെലുത്തി ഹാഥറസ് മോഡലില്‍ മൃതദേഹം ബലംപ്രയോഗിച്ച് ദഹിപ്പിക്കുകയും ചെയ്തു.
മകളുടെ മൃതദേഹത്തിലെ മുറിവുകള്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. സംശയം ബലപ്പെട്ടതോടെ മകളുടെ മൃതദേഹം തങ്ങളുടെ സമ്മതമില്ലാതെ ദഹിപ്പിച്ചത് അയല്‍ക്കാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം സമൂഹ മാധ്യമങ്ങളിലും പുറത്തും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ നടപടിക്ക് പൊലീസിനും ട്വിറ്ററിനും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.