അഹ്മദാബാദ്: പ്രണയവിവാഹത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഇത്തരം വിവാഹങ്ങളിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതിന് ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
പാട്ടിദാർ സമുദായ സംഘടന ഞായറാഴ്ച മെഹ്‌സാന ജില്ലയിലെ നുഗർ ഗ്രാമത്തിൽ വിദ്യാർഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ‘പെൺകുട്ടികൾ ഒളിച്ചോടുന്ന സംഭവങ്ങൾ പരിശോധിക്കണമെന്നും ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഒരു പഠനം നടത്തണമെന്നും ഇവിടേക്ക് വരുമ്പോൾ സംസ്ഥാന ആരോഗ്യമന്ത്രി ഋഷികേശ്ഭായ് പട്ടേൽ എന്നോട് പറഞ്ഞു. പ്രണയവിവാഹത്തിൽ മാതാപിതാക്കളുടെ സമ്മതം ഉറപ്പാക്കാൻ എന്തെങ്കിലും ചെയ്യാമെന്ന് ഞാൻ ഉറപ്പുനൽകി’ -മുഖ്യമന്ത്രി പറഞ്ഞു.
2015ൽ സമുദായ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പട്ടീദാർ സംഘടനയായ സർദാർ പട്ടേൽ ഗ്രൂപ്പാണ് (എസ്.പി.ജി) പരിപാടി സംഘടിപ്പിച്ചത്. മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഉൾപ്പെടെ നിരവധി പാട്ടിദാർ നേതാക്കൾ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അഹ്മദാബാദിലെ ജമാൽപൂർ-ഖാദിയ നിയോജക മണ്ഡലം കോൺഗ്രസ് എം.എൽ.എ ഇമ്രാൻ ഖെദാവാല പിന്തുണച്ചു. “ഇത് ഒരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല, മറിച്ച് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്” -ഖെദാവാല പറഞ്ഞു.
“പെൺകുട്ടി വീട്ടിൽനിന്ന് ഒളിച്ചോടിപ്പോകുമ്പോൾ അവളുടെ കുടുംബമാണ് തകരുന്നത്. അവർക്ക് സമൂഹത്തെ അഭിമുഖീകരിക്കാൻ കഴിയില്ല. പെൺകുട്ടികൾ മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ ഒളിച്ചോടുകയും പിന്നീട് ഖേദിക്കുകയും ചെയ്ത നിരവധി കേസുകൾ എന്റെ അടുക്കൽ വന്നിട്ടുണ്ട്. കുട്ടികളെ വളർത്തുന്ന മാതാപിതാക്കളുടെ സമ്മതം വിവാഹത്തിന് നിർബന്ധമാക്കണം. വരുന്ന നിയമസഭ സമ്മേളനത്തിൽ ഈ വിഷയത്തിൽ ബിൽ കൊണ്ടുവരണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.