മുംബൈ: പാൻക്രിയാസിലെ അർബുദത്തെ തുടർന്ന് ഡൽഹിയിലെ ഒാൾ ഇന്ത്യ മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ ഗോവയിൽ തിരിച്ചെത്തി. ഞായറാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്ത പരീകറെ പ്രത്യേക വിമാനത്തിൽ ഉച്ചയോടെയാണ് ഗോവയിൽ എത്തിച്ചത്.
വിമാനത്താവളത്തിൽനിന്ന് ആംബുലൻസിൽ നേരെ ദോന പൗളയിലെ സ്വന്തം വസതിയിലേക്കാണ് കൊണ്ടുപോയത്. തുടർ ചികിത്സക്കും ആരോഗ്യ നിരീക്ഷണത്തിനും വൻ സൗകര്യങ്ങൾ ഒരുക്കുകയും ഗോവയിലെ വിദഗ്ധ ഡോക്ടർമാരെ നിയോഗിക്കുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഗോവയിലെ ബി.ജെ.പി നേതാക്കളെപ്പോലും അമ്പരപ്പിച്ചാണ് ധൃതിപിടിച്ച് പരീകറുടെ മടങ്ങിവരവ്. വെള്ളിയാഴ്ച ഗോവയിലെ പാർട്ടി നേതാക്കളും മന്ത്രിമാരുമായി പരീകർ ഡൽഹി ആശുപത്രിയിൽ വെച്ച് ചർച്ച നടത്തിയിരുന്നു.
ഞായറാഴ്ച ഡിസ്ചാർജിനു പിന്നാലെ ആരോഗ്യസ്ഥിതി വഷളായ പരീകറെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും ഡിസ്ചാർജ് ചെയ്യുകയായിരുന്നു. പരീകറുടെ ആരോഗ്യനില സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. ഗോവയിൽ ഉടലെടുത്ത ഭരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പരീകറുടെ മടക്കമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.