ഹൈദരാബാദ്: സംസ്ഥാനത്ത് ബി.ജെ.പി ആധിപത്യം സ്ഥാപിക്കുന്നത് തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട് പോരാടും. തെലങ്കാനയിലെ ജനങ്ങൾ ബി.ജെ.പി ആധിപത്യം സ്ഥാപിക്കുന്നത് തടയുമെന്ന് ഉറപ്പുണ്ട്. 44 സീറ്റുകളിൽ ഞങ്ങൾ വിജയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ബന്ധപ്പെടുകയും അവരുടെ പ്രവർത്തനം അടുത്തദിവസം മുതൽ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു -ഉവൈസി പറഞ്ഞു.
'സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ടി.ആർഎസ് ശക്തമായ രാഷ്ട്രീയ പാർട്ടിയാണ്. അവർ തെലങ്കാനയുടെ പ്രാദേശിക വികാരത്തെ പ്രതിനിധീകരിക്കുന്നു. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം കെ. ചന്ദ്രശേഖർ റാവു അവലോകനം ചെയ്യുമെന്ന് ഉറപ്പുണ്ട്' -ഉവൈസി കൂട്ടിച്ചേർത്തു.
150 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) 55 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞതവണ ഇവർക്ക് 99 സീറ്റുകളുണ്ടായിരുന്നു. അതേസമയം, നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 48 സീറ്റുകൾ നേടി വൻ മുന്നേറ്റമാണ് നടത്തിയത്. എ.ഐ.എം.ഐ.എം 44 സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. എ.ഐ.എം.ഐ.എം പിന്തുണയോടെ ടി.ആർ.എസ് ഭരണം തുടരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.