നവാൽഗുണ്ട് (കർണാടക): വിദ്വേഷപ്രസംഗങ്ങളല്ല, ജനങ്ങളും നാടും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കർണാടക തെരഞ്ഞെടുപ്പിലെ വിഷയങ്ങളെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ധാർവാഡ് ജില്ലയിലെ നവാൽഗുണ്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അവർ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
സർക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാനും ജനകീയ പ്രശ്നങ്ങൾ ഒളിപ്പിക്കാനുമാണ് ബി.ജെ.പി നേതാക്കൾ വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നത്. ഏതെങ്കിലും രാഷ്ട്രീയ നേതാവ് നടത്തുന്ന ഇത്തരം പ്രസ്താവനകളല്ല, തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മൂലം എല്ലാ നിലക്കും ജനജീവിതം ദുസ്സഹമായി. സർവമേഖലയിലും വിലക്കയറ്റമാണ്.
കർഷകരുടെ പ്രശ്നം അതിരൂക്ഷമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ല. നല്ല ജീവിതത്തിനും നല്ല ഭാവി കെട്ടിപ്പടുക്കാനും ജനങ്ങളെ സഹായിക്കുകയാണ് വേണ്ടത്. ആരാണ് തങ്ങൾക്ക് തൊഴിൽ നൽകുകയെന്ന് യുവജനങ്ങൾക്ക് നന്നായി അറിയാം. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണ് ജനം വോട്ടുചെയ്യുക. ജനങ്ങളുടെയും കുട്ടികളുടെയും ഭാവിക്കുവേണ്ടി നിരവധി ഉറപ്പുകളാണ് കോൺഗ്രസ് നൽകുന്നത്. കർണാടകയിൽ ജനക്ഷേമം ലക്ഷ്യമാക്കിയുള്ള നല്ല സർക്കാർ കോൺഗ്രസ് രൂപവത്കരിക്കും.
സംസ്ഥാനത്ത് കോൺഗ്രസ് വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഏറെ ഇഷ്ടത്തോടെയുള്ള ജനങ്ങളുടെ പെരുമാറ്റം അതാണ് തെളിയിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്താൻ പ്രാപ്തിയുള്ള ജനം രാജ്യത്തിന്റെയും കർണാടകയുടെയും നല്ല ഭാവിക്കായി വോട്ടുചെയ്യുമെന്നും സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്നും പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.