കോഴിക്കോട്: മകൻ എന്നെന്നേക്കുമായി ജയിൽ മോചിതനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ അമ്മ അർപുതമ്മാൾ. എങ്കിലും ഒരു മാസത്തേക്ക് പരോൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അർപുതമ്മാൾ മാധ്യമത്തോട് പറഞ്ഞു.
കോവിഡ് കാരണം മാസങ്ങളോളമായി പേരറിവാളന്‍റെ ചികിത്സ ഏതാണ്ട് നിലച്ച മട്ടാണ്. ചികിത്സ തുടർന്നുകൊണ്ടുപോകുന്നതിന് വേണ്ടിയാണ് മൂന്ന് മാസത്തെ പരോളിന് അപേക്ഷിച്ചത്. കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
പരോൾ വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് അറിയില്ല. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ മകനെ കാണാനായി അതിഥികൾ വീട്ടിൽ വരുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.
നിലവിൽ ചെന്നൈയിലെ പുഴൽ ജയിലിലാണ് പേരറിവാളൻ ഉള്ളത്. വെള്ളിയാഴ്ചയോടെ ജ്വോലാർ പേട്ടയിലെ സ്വവസതിയിൽ എത്താൻ കഴിയുമെന്നും അർപുതമ്മാൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
പേരറിവാളന് ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. പേരറിവാളനും നളിനിയും ഉള്‍പ്പടെ കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് ജയില്‍ മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ശിപാര്‍ശ. 39 വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.