ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച വിവാദ പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസിയായ ‘കൈസൻ’ എഴുതി നൽകിയതാണെന്ന് ‘ദ ഹിന്ദു’ ദിനപത്രം വെളിപ്പെടുത്തി. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി പിണറായിയുടെ പ്രസ് സെക്രട്ടറി പത്രത്തിന് അയച്ച കത്തിനുള്ള പ്രതികരണമായാണ് ഈ വെളിപ്പെടുത്തൽ.
അഭിമുഖ വേളയിൽ മുഖ്യമന്ത്രി പറയാത്ത പരാമർശങ്ങൾ അദ്ദേഹത്തിന്റെ പി.ആർ ഏജൻസി സെപ്റ്റംബർ 21ലെ വാർത്തസമ്മേളനത്തിൽനിന്ന് എടുത്ത് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ‘ഹിന്ദു’ അറിയിച്ചു. പറയാത്ത കാര്യമാണ് നൽകിയതെന്നും ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്നും പത്രം അറിയിച്ചുവെന്നുമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിക്കുന്നതാണ് പി.ആർ ഏജൻസിയുടെ ഇടപെടലിനെക്കുറിച്ചുള്ള ‘ഹിന്ദു’വിന്റെ വെളിപ്പെടുത്തൽ.
അൻവർ ഉയർത്തിയ ആരോപണങ്ങൾ കത്തിനിൽക്കേ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കേരള ഹൗസിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചപ്പോൾ അൻവറിനുള്ള വിശദമായ മറുപടി പിന്നീട് നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഡൽഹിയിൽതന്നെയായിരിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. എന്നാൽ, മലയാള മാധ്യമങ്ങളോട് പിന്നീടൊന്നും മിണ്ടാതിരുന്ന മുഖ്യമന്ത്രി തിങ്കളാഴ്ച ‘ദ ഹിന്ദു’വിന് അൻവറിന്റെ ആരോപണങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു.
മലപ്പുറത്ത് കള്ളക്കടത്തുണ്ടെന്നും അത് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നുമാണ് പിണറായി പറഞ്ഞത്. ഈ മറുപടി വൻ വിവാദമാകുകയും പ്രതിപക്ഷവും സമുദായ സംഘടനകളും മുഖ്യമന്ത്രിക്കെതിരെ തിരിയുകയും ചെയ്തതോടെ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ക്ഷമാപണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ‘ദ ഹിന്ദു’ എഡിറ്റർക്ക് കത്തെഴുതിയത്. തുടർന്ന് പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖ വാർത്തക്ക് താഴെ ക്ഷമാപണത്തിനൊപ്പം സംഭവിച്ചതെന്താണെന്നുകൂടി വെളിപ്പെടുത്തുകയായിരുന്നു.
കോവിഡ് കാലത്ത് ദിവസേന നടത്തിയ വാർത്തസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞിരുന്ന കാര്യങ്ങൾ പി.ആർ ഏജൻസി എഴുതി നൽകുന്നതാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു. ഇപ്പോൾ പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും വലിയ ആയുധമായി ദേശീയ പത്രത്തിന്റെ വെളിപ്പെടുത്തൽ.
സമീപിച്ചതും ചേർത്തതും പി.ആർ ഏജൻസി -‘ദ ഹിന്ദു’
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖത്തിന് പി.ആർ ഏജൻസി ‘കൈസൻ’ തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ‘ദ ഹിന്ദു’ എഡിറ്റർ വ്യക്തമാക്കി. ഇതേതുടർന്ന് സെപ്റ്റംബർ 29ന് രാവിലെ ഒമ്പതിന് കേരള ഹൗസിൽ പി.ആർ ഏജൻസിയുടെ രണ്ട് പ്രതിനിധികൾക്കൊപ്പമാണ് ‘ഹിന്ദു’ റിപ്പോർട്ടർ മുഖ്യമന്ത്രിയുമായുള്ള അഭിമുഖം നടത്തിയത്.
30 മിനിറ്റായിരുന്നു അഭിമുഖം. തുടർന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞ സ്വർണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും വിശദാംശങ്ങൾ അഭിമുഖത്തിൽ ഉൾപ്പെടുത്താൻ പി.ആർ ഏജൻസിയുടെ പ്രതിനിധി ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വരികൾ മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉൾപ്പെടുത്തണമെന്ന് പി.ആർ പ്രതിനിധി രേഖാമൂലം ആവശ്യപ്പെട്ടതാണ്. ആ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയടക്കം നൽകിയത് വീഴ്ചയാണ്. ആ വീഴ്ചക്ക് മാപ്പു ചോദിക്കുന്നുവെന്നും എഡിറ്റർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.