ന്യൂഡൽഹി: ഇന്ത്യ മതേതരരാജ്യമാണെന്നും ബുൾഡോസർ രാജുമായി ബന്ധപ്പെട്ട തങ്ങളുടെ മാർഗനിർദേശങ്ങൾ മത- സമുദായ ഭേദമന്യേ രാജ്യമൊട്ടാകെ ബാധകമായിരിക്കുമെന്നും സുപ്രീംകോടതി. അന്തിമ വിധി വരുന്നതുവരെ ബുൾഡോസർ രാജിനുള്ള വിലക്ക് തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബുൾഡോസർ രാജിനെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ വിധി പറയാൻ മാറ്റിയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇടിച്ചുനിരത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ പോർട്ടൽ വേണമെന്നും ഇടിച്ചുനിരത്തൽ നടപടിക്ക് കോടതി മേൽനോട്ടം വേണമെന്നുമുള്ള ചില അഭിപ്രായങ്ങളും സുപ്രീംകോടതി മുന്നോട്ടുവെച്ചു. പൊതുസ്ഥലം കൈയേറിയുണ്ടാക്കിയ ക്ഷേത്രങ്ങളും ദർഗകളും അനുവദിക്കില്ല.
പൊതുനിരത്തിലും നടപ്പാതകളിലും ജലാശയങ്ങളിലും റെയിൽവേ ലൈനുകളിലുമുള്ള കൈയേറ്റത്തിന്റെ കാര്യത്തിൽ വിലക്ക് ബാധകമായിരിക്കില്ലെന്ന് നേരത്തേ വ്യക്തത വരുത്തിയതാണെന്നും സുപ്രീംകോടതി പറഞ്ഞു.
അനധികൃത നിർമാണങ്ങൾക്കെതിരെ നിയമപ്രകാരമാകണം നടപടി. മതത്തെയോ വിശ്വാസത്തെയോ ആധാരമാക്കിയാകരുത്. നടുറോഡിൽ മതസ്ഥാപനമുണ്ടെങ്കിൽ, അത് ഗുരുദ്വാരയോ ദർഗയോ ക്ഷേത്രമോ ആയാലും പൊതുജനത്തിന് തടസ്സം സൃഷ്ടിക്കാൻ അനുവദിക്കില്ല. നിയമലംഘനത്തിന് അയക്കുന്ന നോട്ടീസും തുടർനടപടികളും പോർട്ടലിൽ പ്രസിദ്ധീകരിക്കണം.
നടപടിക്ക് നോട്ടീസും അതിനുള്ള മറുപടിയും വേണം. നോട്ടീസിന്റെ കാര്യത്തിൽ കോടതി മേൽനോട്ടം വേണമെന്നില്ല. എന്നാൽ, ഇടിച്ചുനിരത്തൽ നടപടിയുടെ കാര്യത്തിൽ അത് വേണ്ടിവന്നേക്കുമെന്നും ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പറഞ്ഞു.
ഒരാൾ ഒരു കുറ്റകൃത്യത്തിൽ ആരോപണവിധേയനാണെന്നത് ഇടിച്ചുനിരത്തലിനുള്ള ന്യായമാകരുതെന്ന് എസ്.ജി ബോധിപ്പിച്ചപ്പോൾ അയാൾ ശിക്ഷിക്കപ്പെട്ടാൽതന്നെയും അങ്ങനെ ചെയ്യാമോ എന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു.
ബുൾഡോസർ ഇടിച്ചുനിരത്തിയ വീടുകൾ പകരം പണിയണമെന്ന് ആവശ്യപ്പെട്ട് കേസിൽ ഇടപെടാൻ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസർ രാജഗോപാൽ നൽകിയ അപേക്ഷയും കക്ഷി ചേരാൻ പ്രശാന്ത് ഭൂഷൺ നൽകിയ അപേക്ഷയും സുപ്രീംകോടതി തള്ളി.
രാജ്യമൊട്ടുക്കും ബാധകമാക്കുന്ന മാർഗനിർദേശങ്ങളാണ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതെങ്കിൽ ചില നിർദേശങ്ങളുണ്ടെന്ന് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാറുകൾക്കുവേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.