ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിലെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റൈൽ വ്യവസായിയും വർധ്മാൻ ഗ്രൂപ് ചെയർമാനുമായ എസ്.പി. ഓസ്വാളിൽനിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തു. സി.ബി.ഐ ഓഫിസർമാരെന്ന വ്യാജേന എത്തിയാണ് തട്ടിപ്പ് നടത്തിയത്. കോടതി മുറിയും ചീഫ് ജസ്റ്റിസിനെയുംവരെ വ്യാജമായി സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
ഓസ്വാൾ, ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ പ്രതിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മലേഷ്യയിലേക്ക് പാർസൽ അയക്കാൻ ആധാർ കാർഡ് ഓസ്വാൾ ദുരുപയോഗം ചെയ്തുവെന്നും ഇവർ പറഞ്ഞു. സ്കൈപ്പ് കോളിലൂടെ സുപ്രീംകോടതി മുറിയും ചീഫ് ജസ്റ്റിസിനെയുംവരെ ഇവർ വ്യാജമായി സൃഷ്ടിച്ചുവെന്നും പിന്നീട് ഏഴ് കോടി രൂപ അക്കൗണ്ടിലേക്ക് നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ഓസ്വാൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മുഖം കണ്ടില്ലെങ്കിലും അദ്ദേഹം സംസാരിക്കുന്നതും കോടതിയിൽ ചുറ്റികവെച്ച് അടിക്കുന്നതും തനിക്ക് കേൾക്കാമായിരുന്നുവെന്നും ഓസ്വാൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, നഷ്ടപ്പെട്ട പണത്തിൽ 5.25 കോടി രൂപ വീണ്ടെടുത്ത് ഓസ്വാളിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.