ബംഗളൂരു: മറ്റ് മതസ്ഥർക്കെതിരെ ആയുധം കൈയിലെടുക്കാൻ ഹിന്ദുമത വിശ്വാസികളോട് ആഹ്വാനം ചെയ്യുന്ന പ്രകോപന-വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാകൂറിനെതിരെ ഒടുവിൽ കർണാടക പൊലീസ് കേസെടുത്തു. കോൺഗ്രസ് ജില്ല കമ്മിറ്റി പ്രസിഡന്റ് എച്ച്.എസ്. സുന്ദരേശിന്റെ പരാതിയിലാണ് ശിവമൊഗ്ഗ പൊലീസ് കേസ്. ഒരു പ്രത്യേക വിഭാഗത്തിനെതിരായ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതും അസഹിഷ്ണുതയും വെറുപ്പും ഉണ്ടാക്കുന്നതുമാണ് പ്രസംഗമെന്ന് പരാതിയിൽ പറയുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ശിവമൊഗ്ഗ ജില്ല പൊലീസ് മേധാവി ജി.കെ. മിഥുൻകുമാർ പറഞ്ഞു. നേരത്തേ, തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് എസ്. ഗോഖലെ, ഡൽഹി-മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകനായ തഹ്സീൻ പൂനെവാല എന്നിവർ പ്രജ്ഞക്കെതിരെ ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കണമെങ്കിൽ പരാതിക്കാർ നേരിട്ട് സ്റ്റേഷനിൽ എത്തണമെന്നായിരുന്നു പൊലീസിന്റെ വിചിത്രവാദം. തുടർന്നാണ് പൂനെവാലക്ക് വേണ്ടി എച്ച്.എസ്. സുന്ദരേശ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച ശിവമൊഗ്ഗയിൽ നടന്ന ഹിന്ദുജാഗരണ വേദികെയുടെ ദക്ഷിണമേഖല വാർഷിക സമ്മേളനത്തിലാണ് പ്രജ്ഞ സിങ് ഠാകൂർ പ്രകോപന പ്രസംഗം നടത്തിയത്. ആക്രമണമുണ്ടായാൽ പ്രയോഗിക്കാൻ ഹിന്ദുക്കൾ കത്തികൾ മൂർച്ച കൂട്ടി വെക്കണം, ആത്മാഭിമാനത്തിന് ക്ഷതമേൽക്കുമ്പോൾ പ്രതികരിക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂർച്ച കൂട്ടി വെക്കണം, മിഷനറിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത് തുടങ്ങിയ പ്രസ്താവനകളാണ് ഠാകൂർ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.