ന്യൂഡൽഹി: ഒമ്പതു ദിവസമായി തപാൽ ജീവനക്കാർ പണിമുടക്കിൽ. ബാങ്കു ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിൽ. കർഷകരടക്കം ഇന്ധന വിലക്കയറ്റത്തിൽ പൊള്ളുന്നവരുടെ പ്രതിഷേധം തെരുവിൽ. പരസ്യത്തിന് കോടികൾ ചെലവിട്ട് നാലാം വാർഷിക മാമാങ്കം നടത്തുന്ന മോദിസർക്കാർ പ്രതിഷേധങ്ങൾ കണ്ട മട്ടില്ല. തൊഴിലാളി സമരത്തിനും ജനകീയ പ്രശ്നങ്ങൾക്കും മുമ്പിൽ സർക്കാർ കണ്ണടച്ച മട്ട്. സമരം ഒഴിവാക്കാൻ സർക്കാർ ഗൗരവപൂർവം ഇടപെട്ടില്ല. എണ്ണക്കമ്പനികൾ പ്രതിദിനം പെട്രോൾ, ഡീസൽ വില കൂട്ടുേമ്പാഴും ഗൗനിക്കുന്നില്ല. ഇന്ധന വിലക്കയറ്റം പിടിച്ചുനിർത്താനുള്ള തീരുമാനങ്ങളൊന്നും കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭയോഗം എടുത്തില്ല. ബുധനാഴ്ചയിലെ പതിവു മന്ത്രിസഭയോഗം ഇത്തവണ നടന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിലാണ്.
തപാൽ ജീവനക്കാർ നടത്തുന്ന സമരം മൂലം രാജ്യത്ത് തപാൽ ഉരുപ്പടി നീക്കം പൂർണമായി സ്തംഭനത്തിലാണ്. 2.70 ലക്ഷം തപാൽ ജീവനക്കാരാണ് സമരത്തിൽ. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 10.5 ലക്ഷം വരുന്ന ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ സമരത്തെ തുടർന്ന് അഖിലേന്ത്യ തലത്തിൽ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങി. എ.ടി.എമ്മുകൾ കാലി.
നോട്ട് നിരോധനത്തിനു ശേഷം രണ്ടു ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുന്നത് ഇതാദ്യമാണ്. മാസാവസാനത്തിൽ നടക്കുന്ന പണിമുടക്ക് അനിവാര്യമായ പണമിടപാടുകളാണ് മുടക്കിയത്. ശമ്പളത്തുക ബാങ്കിൽനിന്ന് പിൻവലിക്കാൻ ജീവനക്കാരും, മാസാവസാന ബില്ലുകൾ മാറ്റാൻ കരാറുകാരും വ്യാപാരികളുമൊക്കെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ തവണ 15 ശതമാനം ശമ്പള വർധന നൽകിയെങ്കിൽ ഇക്കുറി രണ്ടു ശതമാനം മാത്രം കൂട്ടാൻ നിശ്ചയിച്ചതാണ് ബാങ്ക് ജീവനക്കാരെ പ്രകോപിപ്പിച്ചത്. വിവിധ സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് േഫാറം ഒാഫ് ബാങ്കിങ് യൂനിയൻസിെൻറ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
തപാൽ ഉരുപ്പടികളുടെ നീക്കം മാത്രമല്ല തടസ്സപ്പെടുന്നത്. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി പോസ്റ്റോഫിസ് പേമെൻറ് ബാങ്കുകൾവരെ പ്രവർത്തിക്കുന്നുവെന്നിരിക്കേ, പണമിടപാടുകളെയും തപാൽ സമരം ബാധിച്ചു. സർക്കാർ ജീവനക്കാരായി ജോലി ക്രമപ്പെടുത്തുക, കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. രാജ്യത്തെ 1.29 ലക്ഷം തപാൽ ഒാഫിസുകളാണ് അടഞ്ഞു കിടക്കുന്നത്. 16 ദിവസം തുടർച്ചയായി പെട്രോൾ, ഡീസൽ മേലോട്ടു കയറുന്നതിനെതിരെ കർഷകരടക്കം വിവിധ മേഖലകളിലുള്ളവർ കടുത്ത പ്രതിഷേധത്തിലാണ്. കാർഷിക കലവറയായ പഞ്ചാബിൽ ആയിരത്തിലേറെ ട്രാക്ടറുകൾ റോഡിലിറക്കിയാണ് കർഷകർ പ്രതിഷധിച്ചത്. 100 സംഘടനകളുടെ കൂട്ടായ്മയായ ജൻ ഏകത ജൻ അധികാർ ആന്ദോളൻ ഡൽഹിയിൽ റാലി നടത്തി. രാഷ്ട്രപതിയെ കണ്ട് ഇടപെടൽ ആവശ്യപ്പെട്ടു. പ്രയോജനമൊന്നുമില്ല.
ഡീസൽ വിലവർധനവിനെതിരെ ലുധിയാനയിലും ചണ്ഡിഗഢിലുമാണ് ആയിരത്തോളം ട്രാക്ടറുകൾ അണിനിരത്തി കർഷകർ തെരുവിലിറങ്ങിയത്. ട്രാക്ടറുകളുടെ താക്കോൽ ജില്ലാ അധികൃതരെ അവർ ഏൽപിച്ചു. ഡീസൽ വിലവർധന മൂലം കൃഷിച്ചെലവ് താങ്ങാൻ കഴിയുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ഇന്ധന വിലവർധനക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ സമരം അരേങ്ങറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.