മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയിൽ (എം.വി.എ) വീണ്ടും ഉടക്കിട്ട് പ്രകാശ് അംബേദ്കർ. അറിയിപ്പുണ്ടാകുന്നതുവരെ എം.വി.എയുമായി സഹകരിക്കരുതെന്ന് വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) നേതാക്കൾക്കും അണികൾക്കും പ്രകാശ് നിർദേശം നൽകി. വി.ബി.എ ഇപ്പോഴും എം.വി.എയുടെ ഭാഗമായിട്ടില്ലെന്നും പ്രകാശ് അണികളോട് പറഞ്ഞു. ഉദ്ധവ് പക്ഷ ശിവസേനക്ക് 20, കോൺഗ്രസിന് 18, പവാർ പക്ഷ എൻ.സി.പിക്ക് 10 എന്നിങ്ങനെ എം.വി.എയുടെ സീറ്റുവിഭജനം ഏതാണ്ട് ധാരണയിലായെങ്കിലും പാർട്ടി അധ്യക്ഷന്മാരുടെ അന്തിമ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
വി.ബി.എക്ക് രണ്ട് സീറ്റ് ഉദ്ധവ് പക്ഷവും കർഷക നേതാവ് രാജു ഷെട്ടിക്ക് ഒരു സീറ്റ് കോൺഗ്രസും നൽകണമെന്നാണ് നിലവിലെ ധാരണ. എന്നാൽ, രണ്ട് സീറ്റിൽ പ്രകാശ് അംബേദ്കർ തൃപ്തനല്ല. ആറ് സീറ്റുകളിൽ വി.ബി.എക്ക് സ്വന്തമായി ജയിക്കാൻ കഴിയുമെന്നാണ് പ്രകാശിന്റെ അവകാശവാദം. വി.ബി.എ ഒപ്പം വന്നാൽ അഞ്ചോളം സീറ്റുകൾ നൽകാനായേക്കുമെന്ന് ശരദ് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധൻഗർ സമുദായ നേതാവ് മഹാദേവ് ജാൻകറുടെ രാഷ്ട്രീയ സമാജ് പക്ഷക്ക് ഒരു സീറ്റ് നൽകാമെന്നും പവാർ പറഞ്ഞു. അതേസമയം, ഭരണപക്ഷമായ മഹായൂത്തിയിൽ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും ബി.ജെ.പിയും തമ്മിലെ തർക്കം പരസ്യമായി. രത്നഗിരി-സിന്ധുദുർഗ് സീറ്റിനായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നാരായൺ റാണെ ‘എക്സി’ലൂടെ അവകാശവാദമുന്നയിച്ചതിനെതിരെ ഷിൻഡെ പക്ഷ നേതാവ് രാംദാസ് കദം കടുത്ത ഭാഷയിൽ പ്രതികരിച്ചു. സഖ്യകക്ഷികളെ ദുർബലരാക്കി ഭൂരിപക്ഷ സീറ്റും ബി.ജെ.പി സ്വന്തമാക്കുകയാണെന്ന് കദം ആരോപിച്ചു. ശിവസേനയുടെ പരമ്പരാഗത സീറ്റുകളിൽ പലതും ബി.ജെ.പി പിടിച്ചെടുക്കുന്നതായും ആരോപിച്ചു. കദമിന്റെത് സ്വന്തം അഭിപ്രായമാണെന്നും ഷിൻഡെയുടെ വാക്കാണ് മുഖ്യമെന്നുമാണ് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് ബവങ്കുലയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.