മുംബൈ: മഹാ വികാസ് അഗാഡിയുടെ (എം.വി.എ) സീറ്റുവിഭജന ചർച്ച അന്തിമഘട്ടത്തിലെത്തുമ്പോൾ വിലപേശൽ തന്ത്രവുമായി പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ). സീറ്റ്വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് എം.വി.എ സഖ്യകക്ഷികളായ കോൺഗ്രസ്, ശരദ് പവാർ പക്ഷ എൻ.സി.പി, ഉദ്ധവ് പക്ഷ ശിവസേന പാർട്ടികൾക്ക് വി.ബി.എ കത്തുനൽകി. വിവിധ സീറ്റുകളിൽ ഏതു പാർട്ടിയാണ് മത്സരിക്കുകയെന്ന് രണ്ടു ദിവസത്തിനകം വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടത്. മുംബൈ സൗത്ത് സെൻട്രൽ സീറ്റിൽ മൂന്ന് പാർട്ടികളിൽ ആരാണ് മത്സരിക്കുകയെന്ന് പ്രത്യേകം ചോദിച്ചിട്ടുണ്ട്.
സീറ്റുവിഭജന വിവരങ്ങൾ ലഭിച്ചതിന് ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും പാർട്ടി പറയുന്നു. കോൺഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും തമ്മിൽ തർക്കമുള്ള സീറ്റാണ് മുംബൈ സൗത്ത് സെൻട്രൽ. ഇതടക്കം ഒമ്പത് സീറ്റുകളുമായി ബന്ധപ്പെട്ടാണ് അന്തിമ ചർച്ച. ആകെയുള്ള 48ൽ 39 സീറ്റുകളിൽ ധാരണയായിട്ടുണ്ട്. വി.ബി.എക്കുള്ള സീറ്റുകൾ ശിവസേനയുടെ വിഹിതത്തിൽനിന്ന് നൽകാനായിരുന്നു ആദ്യ ധാരണ. മുംബൈ സൗത്ത് സെൻട്രൽ സീറ്റ് ശിവസേനക്ക് ലഭിച്ചാൽ അവരിൽനിന്നും വിലപേശി ആ സീറ്റ് വാങ്ങുകയാണ് പ്രകാശ് അംബേദ്കറുടെ ലക്ഷ്യം. 2019ൽ കോൺഗ്രസുമായി സഖ്യ ചർച്ച നടത്തിയെങ്കിലും ഓരോ ചർച്ചയിലും സീറ്റുകളുടെ എണ്ണം കൂട്ടിപ്പറഞ്ഞ് ഒടുവിൽ പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.