മുംബൈ: ഗോവയിൽ മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ പ്രമോദ് സാവന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡോ. ശ്യാമപ്രസാദ മുഖർജി സ്റ്റേഡിയത്തിൽ രാവിലെ 11നു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവരും മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുക്കും.
തിങ്കളാഴ്ചയാണ് സർക്കാറുണ്ടാക്കാൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ കണ്ട് സാവന്ത് അവകാശവാദമുന്നയിച്ചത്. 20 ബി.ജെ.പി എം.എൽ.എമാരും മൂന്നു സ്വതന്ത്രരും രണ്ട് എം.ജി.പി എം.എൽ.എമാരുമടക്കം 25 പേരുടെ പിന്തുണയാണുള്ളത്. 40 മണ്ഡലങ്ങളുള്ള ഗോവയിൽ 21 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
അതേസമയം, തൃണമൂലിനൊപ്പം ചേർന്ന് പാർട്ടിക്കെതിരെ മത്സരിച്ച എം.ജി.പിയുടെ പിന്തുണ സ്വീകരിച്ചതിനെയും അവരുടെ നേതാവ് സുദിൻ ധാവലീക്കർക്ക് മന്ത്രിപദം നൽകുന്നതിനെയും എതിർത്ത് ഏതാനും ബി.ജെ.പി എം.എൽ.എമാർ രംഗത്തെത്തി. സാവന്തിനൊപ്പം ഗവർണറെ കണ്ട് മടങ്ങിയവരിൽ ചിലർ ഹോട്ടലിൽ തമ്പടിച്ചത് പാർട്ടിയിൽ അസ്വസ്ഥതക്ക് കാരണമായി. സുദിനെ മന്ത്രിയാക്കുന്നതോടെ മന്ത്രിപദം നഷ്ടപ്പെടുമെന്ന് കരുതുന്നവരാണ് എതിർക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.