ന്യൂഡൽഹി: ബി.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മഹ്ബൂബ മുഫ്തി മന്ത്രിസഭ നിലംപൊത്തിയ ജമ്മു-കശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. ഭരണനിയന്ത്രണം ഏറ്റെടുത്ത ഗവർണർ എൻ.എൻ വോറ, സംഘർഷഭരിതമായ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനു പറ്റിയ സാഹചര്യമല്ലാത്തതിനാൽ നിയമസഭ മരവിപ്പിച്ചുനിർത്തി വിജ്ഞാപനമിറക്കി. ഉന്നതതല യോഗം വിളിച്ച് അദ്ദേഹം സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി.
ഒരു മാസത്തെ വെടിനിർത്തൽ പിൻവലിച്ച കശ്മീരിൽ സൈനിക നടപടികൾ ശക്തിപ്പെടുത്തുകയാണ്. അതേസമയം, നിയമസഭ പിരിച്ചുവിട്ട് ഏറ്റവും പെെട്ടന്ന് തെരഞ്ഞെടുപ്പു നടത്തണമെന്ന് കോൺഗ്രസും നാഷനൽ കോൺഫറൻസും ആവർത്തിച്ച് ആവശ്യപ്പെട്ടു. 10 വർഷത്തിനിടയിൽ നാലാം തവണയാണ് ജമ്മു-കശ്മീർ ഗവർണർ ഭരണത്തിലാകുന്നത്.
എന്നാൽ, മുൻകാലങ്ങളേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് താഴ്വരയിൽ. 82കാരനായ ഗവർണർ എൻ.എൻ. വോറയുടെ കാലാവധി ഇൗ മാസം 28ന് അവസാനിക്കുമെങ്കിലും അമർനാഥ് യാത്രയുടെ സുരക്ഷാ മേൽനോട്ടം മുൻനിർത്തി അദ്ദേഹത്തിന് തൽക്കാലം കാലാവധി നീട്ടിക്കൊടുക്കും. തുടർന്ന് സൈന്യത്തിെൻറ തലപ്പത്തുനിന്ന് വിരമിച്ച കൂടുതൽ ‘കരുത്തനായ’ ഗവർണറെ നിയമിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് കശ്മീർ വിഷയം തെരഞ്ഞെടുപ്പു തന്ത്രത്തിെൻറ ഭാഗമാക്കാനാണ് ബി.ജെ.പി നീക്കം.
രാഷ്ട്രപതി ഒപ്പുവെച്ചത് വിദേശത്തുവെച്ച്
വിദേശ സന്ദർശനത്തിന് പുറപ്പെട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മു-കശ്മീരിൽ ഗവർണർ ഭരണത്തിനുള്ള ശിപാർശ അംഗീകരിച്ചത് തെക്കെ അമേരിക്കൻ രാജ്യമായ സൂരിനാമിൽ വെച്ച്. രാഷ്ട്രപതി അവിടെ എത്തിയത് പുലർച്ചെ മൂന്നിന്. ആറു മണിക്കു തന്നെ അനുമതി വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.