വാഷിങ്ടൺ: ചാന്ദ്രയാൻ-3 വിജയത്തിൽ ഇന്ത്യയെ വാനോളം പുകഴ്ത്തി അമേരിക്കൻ രാഷ്ട്രീയ നേതാക്കളും പത്രങ്ങളും ബഹിരാകാശ സ്ഥാപനങ്ങളും. അമേരിക്കക്കും റഷ്യക്കും ചൈനക്കും പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തുന്ന നാലാമത് രാജ്യമായിരിക്കുകയാണ് ഇതോടെ ഇന്ത്യ. ''ചാന്ദ്രയാൻ-3 യുടെ ചരിത്രനേട്ടത്തിൽ ഇന്ത്യയെ അഭിനന്ദിക്കുന്നു.''-എന്നാണ് ഇന്ത്യൻ വംശജയായ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ''ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും നിർണായക ചുവടുവെപ്പാണിത്. ഈ ദൗത്യത്തിലും ബഹിരാകാശ പര്യവേക്ഷണത്തിലും കൂടുതൽ വിശാലമായി നിങ്ങളുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.''-കമല ഹാരിസ് തുടർന്നു. കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരിയാണ്. യു.എസ് നാഷനൽ സ്പേസ് കൗൺസിൽ മേധാവിയാണ് കമല ഹാരിസ്.
ഇത്തവണ യു.എസിലെത്തിയപ്പോൾ ഇന്ത്യയുമായുള്ള ബഹിരാകാശ സഹകരണമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ചർച്ച വിഷയം. ഈ വിഷയത്തിൽ സഹകരിച്ചുപ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തു.
''ചാന്ദ്രയാൻ-3ന്റെ ദക്ഷിണ ധ്രുവ ലാൻഡിങ്ങിൽ ഐ.എസ്.ആർ.ഒക്ക് അങ്ങേയറ്റം അഭിനന്ദനം. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായതിൽ ഇന്ത്യയെ അഭിനന്ദിക്കുന്നു. ഈ ദൗത്യത്തിൽ നിങ്ങളുടെ പങ്കാളിയായതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.''-എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ കുറിച്ചത്.
ബുധനാഴ്ച വൈകീട്ട് 6.04ഓടെയാണ് ചന്ദ്രയാൻ-3 ചന്ദ്രനെ തൊട്ടത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യരാജ്യമായും ഇന്ത്യ മാറി. ദക്ഷിണ ധ്രുവത്തിൽ തണുത്തുറഞ്ഞ ജലവും മറ്റ് അമൂല്യവസ്തുക്കളുമുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
''ചന്ദ്രയാൻ-3 യുടെ ചരിത്രപരമായ ദൗത്യം വിജയിച്ചതിൽ ഐ.എസ്.ആർ.ഒക്കും ഇന്ത്യക്കും അഭിനന്ദനം. വരും വർഷങ്ങളിൽ ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു.''-യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവൻ പറഞ്ഞു. ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയത് ഒരു പുതിയ ഇന്ത്യയുടെ വിജയാഹ്വാനമായിരുന്നുവെന്ന് സെനറ്റർ ജോൺ കോർണിൻ അഭിപ്രായപ്പെട്ടു. അദ്ഭുതകരമായ നേട്ടമാണ് ഞങ്ങളുടെ സൗഹാർ രാഷ്ട്രമായ ഇന്ത്യ കൈവരിച്ചതെന്ന് കോൺഗ്രസ് അംഗം റിച്ച് മക്കോർമിക് പറഞ്ഞു. കോൺഗ്രസ് അംഗം ഡോൺബെയർ ചരിത്ര പരമായ നേട്ടത്തിനായി അഹോരാത്രം പരിശ്രമിച്ച ഐ.എസ്.ആർ.ഒക്ക് അഭിനന്ദനം ചൊരിഞ്ഞു.
ഇന്ത്യയും യു.എസും സഹകരിച്ചു പ്രവർത്തിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് അംഗം മൈക്കിൾ മക് കോൾ സൂചിപ്പിച്ചു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ നാലാമത്തെ രാജ്യമായതിൽ ഇന്ത്യയെ അഭിനന്ദിക്കുന്നു. ഞങ്ങളുമായുള്ള സഹകരണത്തിൽ ഈ ചരിത്രം വിജയം നിർണായക ചുവടുവെപ്പായിരിക്കും.-അദ്ദേഹം കൂട്ടിച്ചേർത്തു.
''ചന്ദ്രയാൻ-3 ദൗത്യം ഇന്ത്യയെ ചാന്ദ്ര ദക്ഷിണധ്രുവ മേഖലയിൽ ഒറ്റയടിക്ക് എത്തുന്ന ആദ്യത്തെ രാജ്യമാക്കി മാറ്റുകയും രാജ്യത്തിന്റെ ആഭ്യന്തര ബഹിരാകാശ പദ്ധതിയുടെ നേട്ടങ്ങൾ ബൃഹത്താക്കുകയും ചെയ്തു.''-ചന്ദ്രയാൻ ദൗത്യത്തിന്റെ നിരവധി വാർത്തകളും ചിത്രങ്ങളും ചേർത്തുവെച്ചാണ് വാഷിങ്ടൺ പോസ്റ്റ് ആഘോഷമാക്കിയത്. ഇന്ത്യ ചന്ദ്രനിൽ എന്നാണ് വാൾസ്ട്രീറ്റ് ജേണൽ വാർത്ത നൽകിയത്.
മൈക്രോസോഫ്ററിന്റെ ഇന്ത്യൻ വംശജനായ സി.ഇ.ഒ സത്യ നദാൽ, ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ, ഐ.എം.എഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥ് എന്നിവരും ദൗത്യവിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.