മുംബൈ: 1948 ജനുവരി 30. ൈവകുന്നേരം ആറരക്കും ഏഴിനുമിടയിലായിക്കാണും. നാഗ്പൂരിലെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഓഫിസിൽ വാൾട്ടർ ആൽഫ്രഡിനെ തേടി മുംബൈയിൽനിന്ന് സഹപ്രവർത്തകൻ പോങ്ഷെയുടെ ഫോൺ കോളെത്തുന്നു. ‘ഗാന്ധിജി വെടിയേറ്റു മരിച്ചു’ -ഒറ്റ വാചകത്തിൽ പോങ്ഷെ പറഞ്ഞു തീർത്തതും ഞെട്ടിത്തരിച്ചുപോയെന്ന് ആൽഫ്രഡ്.
എന്നാൽ, മനസ്സാന്നിധ്യം വീണ്ടെടുത്ത് ആ വാർത്ത ലോകത്തിനു മുമ്പാകെയെത്തിക്കാനുള്ള ഔദ്യോഗിക തിരക്കുകൾക്കൊപ്പമായിരുന്നു പിന്നീടുള്ള നിമിഷങ്ങളെന്ന് അദ്ദേഹം പറയുന്നു. സാങ്കേതികത ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത് ആ വാർത്ത കഴിയുന്നത്ര വേഗത്തിൽ പത്രങ്ങൾക്കെത്തിക്കാൻ യത്നിച്ച ആ ദിവസം 99ാം വയസ്സിലും വ്യക്തതയോടെ ആൽഫ്രഡിെൻറ ഓർമകളിലുണ്ട്.
രാഷ്ട്രപിതാവിെൻറ 150ാം ജന്മവാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിൽ, നാഥൂറാം വിനായക് ഗോദ്സെയുടെ വെടിയുണ്ട ആ മഹാനുഭാവെൻറ ജീവിതമെടുത്ത ദുരന്തത്തിെൻറ റിപ്പോർട്ടിങ്ങിനെക്കുറിച്ചും ആർ.എസ്.എസ് ആസ്ഥാനത്ത് ഗാന്ധിവധത്തോടുള്ള പ്രതികരണം എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ചും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മുൻ പ്രത്യേക ലേഖകൻ വിശദീകരിക്കുന്നു.
ഗാന്ധിജി വെടിയേറ്റു മരിച്ചതിെൻറ തൊട്ടടുത്ത ദിവസം ആൽഫ്രഡ് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് പോയിരുന്നു. ഗോദ്സെ അറസ്റ്റിലായതും ആർ.എസ്.എസുമായി ഗാന്ധി വധത്തിനുള്ള ബന്ധവുമൊക്കെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു അത്. ആർ.എസ്.എസ് ആസ്ഥാനത്തു തന്നെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടതെന്ന് ആൽഫ്രഡ്. ‘അവിടെ പലരും ഏറെ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്പരന്നുപോയി. അവർക്ക് അവരുടെ വികാരം ഒളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നെഹ്റുവിനെയും ഗാന്ധിയെയും അവർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.
എങ്കിലും ഗാന്ധിജി കൊല്ലപ്പെടുേമ്പാൾ അവർ ആ രീതിയിൽ പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും ഊഹിക്കുക പോലുമുണ്ടായില്ല’-ആൽഫ്രഡ് ഓർക്കുന്നു. ഗാന്ധിജിയുടെ ഒട്ടേറെ യോഗങ്ങളിൽ റിപ്പോർട്ടറായി ആൽഫ്രഡ് പങ്കെടുത്തിട്ടുണ്ട്. 1942 ആഗസ്റ്റിൽ മുംബൈയിലെ ഗോവാലിയ ടാങ്കിൽ ഗാന്ധിജി ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം നടത്തിയ സമ്മേളനത്തിലടക്കം താൻ ഉണ്ടായിരുന്നുവെന്ന് മുംബൈ മീരാ റോഡിലെ വസതിയിൽ വിശ്രമജീവിതം നയിക്കുന്ന ആൽഫ്രഡ് പറഞ്ഞു.
വാർത്തകൾ ഇഴഞ്ഞു സഞ്ചരിക്കുന്ന കാലത്ത് മഹാത്മ ഗാന്ധിയുടെ വധം ഒരു മണിക്കൂറിലധികം ൈവകിയാണ് നാഗ്പൂരിലറിഞ്ഞത്. ഡൽഹിയിൽ 5.17ന് വെടിയേറ്റ വിവരം ആറര കഴിഞ്ഞ് പോങ്ഷെ ഫോണിൽ പറഞ്ഞുനൽകിയ ശേഷം വാർത്ത ടൈപ് ചെയ്ത് ഓഫിസിലെ രണ്ടു ശിപായിമാർ വശം പത്ര ഓഫിസുകളിലെത്തിക്കുകയായിരുന്നു. പുതുക്കിയ വിവരങ്ങൾ േചർത്ത് രണ്ടു മണിക്കൂറിനിടെ വാർത്ത എത്തിച്ചുനൽകിയതായും ആൽഫ്രഡ് ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.