ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് യാത്രക്കിടയിൽ തിരക്കിട്ട് ഒപ്പുവെച്ച റഫാൽ പോർവിമാന കരാറുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ പുകയുന്നു. സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതിനു പിന്നാലെ, കടുത്ത ആരോപണങ്ങളുമായി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ബി.ജെ.പിയുടെ മുൻകാല സഹയാത്രികരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവർ രംഗത്ത്.
ബൊഫോഴ്സ് പീരങ്കി ഇടപാടിനേക്കാൾ ഗുരുതരമായ ക്രമക്കേടാണ് റഫാൽ കരാറിൽ നടന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇന്ത്യ കണ്ടതിൽെവച്ച് ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണിത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പലവട്ടം സർക്കാർ തിരുത്തിയത് വ്യക്തമായ തെളിവാണ്. ക്രിമിനൽനടപടി ദൂഷ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവിചാരണ നേരിടേണ്ട കരാറാണിതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വിമാന വില പാർലമെൻറിൽ വെളിപ്പെടുത്താൻ സർക്കാർ മടിക്കുേമ്പാൾ, വിലയടക്കം കരാറിെൻറ വിശദാംശങ്ങൾ ഫ്രഞ്ച് കമ്പനിയും അവരുടെ ഇന്ത്യൻ സഹകാരികളായ റിലയൻസും പുറത്തുവിട്ടു. 65,000 കോടിയുടെ കരാറിൽനിന്ന് 36,000 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയ ഇടപാടാണിത്. പ്രധാനമന്ത്രിയുടെ മാത്രം തീരുമാനമാണ് ഇൗ ഇടപാട്.
വ്യോമസേന, മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി, പ്രതിരോധമന്ത്രി, വിദേശകാര്യ സെക്രട്ടറി തുടങ്ങി ആരുംതന്നെ അറിയാതെയാണ് പഴയ കരാർ തിരുത്തി പുതിയത് ഒപ്പുവെച്ചത്. നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. 126 പോർവിമാനം ആവശ്യപ്പെട്ട വ്യോമസേനക്ക് 36 വിമാനം മാത്രം കിട്ടുക വഴി രാജ്യസുരക്ഷയും അപകടപ്പെടുത്തി.
ലോക്സഭയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിയാണെന്നിരിക്കെ, ജെ.പി.സി അന്വേഷണ ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നതിൽ അർഥമില്ല. കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ (സി.എ.ജി) മൂന്നു മാസത്തിനകം റിേപ്പാർട്ട് പൂർത്തിയാക്കി പാർലമെൻറിൽ വെക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. അത്തരമൊരു റിപ്പോർട്ട് പാർലമെൻറിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) യുടെയും അതുവഴി പാർലമെൻറിെൻറയും പരിശോധനക്കും തുടർനടപടികൾക്കും വിധേയമാകും.
36 പോർവിമാനങ്ങൾ വാങ്ങുന്നതിൽ 36,000 കോടി രൂപയാണ് ഖജനാവിന് നഷ്ടമെന്ന് അവർ ചൂണ്ടിക്കാട്ടി. യു.പി.എ സർക്കാറിെൻറ കാലത്തെ കരാറിനേക്കാൾ ഒാേരാ വിമാനത്തിനും 1000 കോടി രൂപയുടെ അധികച്ചെലവാണ് ഉണ്ടാകുന്നത്. പുതിയ കരാർ പ്രകാരം ഒരു വിമാനത്തിെൻറ വില 1670 കോടി രൂപ. െപാതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിന് (എച്ച്.എ.എൽ) സാേങ്കതികവിദ്യ പകർന്നു കിട്ടുന്ന അവസരം നഷ്ടപ്പെടുത്തി.
അനിൽ അംബാനിയുടെ റിലയൻസ് തട്ടിക്കൂട്ടിയ കടലാസ് കമ്പനി, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ സഹകാരിയായി മാറിയതുവഴി 21,000 കോടി രൂപയുടെ ഇടപാടാണ് പുതിയ കരാർ വഴി സമ്പാദിച്ചത്. രാജ്യതാൽപര്യം മുൻനിർത്തി റഫാൽ ഇടപാട് റദ്ദാക്കണമെന്ന് യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ, അരുൺ ഷൂരി എന്നിവർ ആവശ്യപ്പെട്ടു.
ബൊഫോഴ്സിനേക്കാൾ ഗുരുതരമെന്ന് ഷൂരി
ന്യൂഡൽഹി: വലിയ വിവാദമുയർത്തിയ ബൊഫോഴ്സ് പീരങ്കി ഇടപാട് സംബന്ധിച്ച ആദ്യത്തെ പത്രവാർത്ത ഒന്നാം പേജിൽ ഒറ്റക്കോളം മാത്രമായിരുന്നുവെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ മുൻ പത്രാധിപരും വാജ്പേയി മന്ത്രിസഭയിൽ അംഗവുമായിരുന്ന അരുൺ ഷൂരി. ബൊഫോഴ്സിനേക്കാൾ ഗുരുതരമാണ് റഫാൽ പോർവിമാന ഇടപാടെന്ന് അദ്ദേഹം വിശദീകരിച്ചു.
ബൊഫോഴ്സ് കോഴ ഇടപാടു സംബന്ധിച്ച് വാർത്ത ഏജൻസിയായ പി.ടി.െഎ നൽകിയ ചെറിയൊരു വാർത്തയുമായി അന്നത്തെ സീനിയർ ന്യൂസ് എഡിറ്റർ തന്നെ സമീപിച്ചപ്പോൾ, ഇന്ത്യൻ എക്സ്പ്രസ് കൊടുക്കുകതന്നെ വേണമെന്ന് നിർദേശിച്ചത് താനാണ്. ഒന്നാം പേജിൽ പെട്ടിക്കോളം മാത്രമായി പ്രത്യക്ഷപ്പെട്ട വാർത്തയുടെ പേരിൽ അന്നത്തെ സർക്കാർ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. ക്രമക്കേട് നടന്നുവെന്നതിെൻറ ഏറ്റവും വലിയ സൂചന അതുതന്നെയായിരുന്നു.
ബൊഫോഴ്സ് ഇടപാടു സംബന്ധിച്ച വിശദാംശങ്ങൾ അന്നത്തെ കോൺഗ്രസ് സർക്കാർ പലവട്ടം മാറ്റിപ്പറഞ്ഞു. ഇപ്പോൾ മോദിസർക്കാർ ചെയ്യുന്നതും അതുതന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് യാത്രക്കിടയിൽ പൊടുന്നനെ കരാർ തിരുത്തിയെഴുതി ഒപ്പുവെച്ചത് ദുരൂഹമാണ്. ബൊഫോഴ്സ് ഇടപാടിലെ വില്ലൻ ഇടനിലക്കാരനായ ക്വത്റോക്കിയാണെങ്കിൽ, അംബാനിയാണ് റഫാൽ പോർവിമാന ഇടപാടിൽ ഉൾപ്പെട്ടു നിൽക്കുന്നതെന്ന് ഷൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.