റാഞ്ചി: കർഷകസമരത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് പോയതിനാൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഝാർഖണ്ഡിലെ രണ്ടാം ഘട്ട പര്യടനം റദ്ദാക്കി. രാഹുൽ ബുധനാഴ്ച ഛത്തിസ്ഗഢിൽനിന്ന് ഝാർഖണ്ഡിൽ പ്രവേശിച്ചായിരുന്നു പര്യടനം തുടങ്ങേണ്ടിയിരുന്നത്. ഗർവ ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി തീരുമാനിച്ചിരുന്ന സംവാദത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
ഫെബ്രുവരി ആദ്യവാരമായിരുന്നു ഝാർഖണ്ഡിൽ യാത്രയുടെ ഒന്നാംഘട്ടം. പശ്ചിമബംഗാളിൽനിന്ന് ഫെബ്രുവരി രണ്ടിനാണ് യാത്ര സംസ്ഥാനത്ത് എത്തിയത്. ആറിന് ഒഡിഷയിൽ പ്രവേശിച്ചു.
ന്യൂഡൽഹി: കർഷകസമരം നേരിടാൻ ഡൽഹി പൊലീസ് കൊണ്ടുവന്ന നിയന്ത്രണങ്ങളിലും അടച്ചുപൂട്ടലിലും ശ്വാസംമുട്ടി തലസ്ഥാന നഗരി. അതിർത്തികളിലെ ഭൂരിഭാഗം റോഡുകളും അടച്ചതിനാൽ അയൽസംസ്ഥാനങ്ങളിലേക്കു പോകാനും വരാനും വലിയ പ്രയാസമാണ് നേരിടുന്നതെന്ന് യാത്രക്കാർ പറയുന്നു. തുറന്ന റോഡുകളിൽ കിലോമീറ്ററുകൾ നീണ്ട ട്രാഫിക് കുരുക്കാണ് അനുഭവപ്പെടുന്നത്.
ഡൽഹിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി ചൊവ്വാഴ്ച നിരവധി മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചിരുന്നു. എന്നാൽ, ബുധനാഴ്ച ഈ നിയന്ത്രണം ഒഴിവാക്കി.
അതേസമയം, അതിർത്തികളിലെ മെട്രോ പാലങ്ങളുടെ അടിയിലൂടെ കർഷകർ ഡൽഹിയിലേക്കു പ്രവേശിക്കുന്നത് നിരീക്ഷിക്കാൻ പൊലീസ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. നിയന്ത്രണം കടുപ്പിച്ചതിൽ അതിർത്തിപ്രദേശങ്ങളിൽ വലിയ എതിർപ്പാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.