2019ൽ ഒലിച്ചുപോയ സ്വന്തം മണ്ണ് തിരിച്ചുപിടിക്കാൻ അഖിലേഷിനെയും കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ അവസാന വരവായിരുന്നു അത്. അമേത്തിയിലേക്ക് ചപ്പരാസി(പ്യൂൺ)യെ ഒരു ബലിക്കോഴിയായി എറിഞ്ഞുകൊടുത്തുവെന്ന ആക്ഷേപത്തെ മറികടക്കേണ്ട ബാധ്യത കൂടി രാഹുലിന് വന്നുചേർന്നിരിക്കുന്നു. രാഹുലിന് മാത്രമല്ല, ഗാന്ധികുടുംബത്തിനുതന്നെ അഭിമാന പോരാട്ടമാണ് അമേത്തിയിൽ. ചപ്പരാസി എന്ന് ബി.ജെ.പി പരിഹസിക്കുന്ന കിഷോരി ലാൽ ശർമക്ക് മുന്നിൽ സ്മൃതി ഇറാനിയെ അടിയറവ് പറയിക്കാനുള്ള പരിശ്രമത്തിലാണ് രാഹുൽ. പ്രചാരണം അവസാനിക്കുന്നതിന് ഒരു നാൾ മുമ്പ് അഖിലേഷിനെയും കൊണ്ട് രാഹുൽ അമേത്തിയിലെത്തിയത് ഇതിനാണ്. 2019ൽ തനിക്കെതിരെ താമരയിലേക്ക് തിരിഞ്ഞുകുത്തിയ യാദവ വോട്ടുകൾ എങ്കിലും കൈപ്പത്തിയിലേക്ക് തിരിച്ചുകുത്തിക്കാനായാൽ സ്മൃതിയുടെ അര ലക്ഷത്തിൽപരം ഭൂരിപക്ഷം മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അമേത്തിയിൽ തന്റെ അവസാന റാലി ഗൗരിഗഞ്ചിലെ നന്ദ് മഹൽ പാടത്ത് നടക്കുമ്പോൾ വന്നുചേർന്നവരിലധികവും അഖിലേഷിന്റെ അനുയായികളായിരുന്നുവെന്ന് രാഹുലിന്റെയും അഖിലേഷിന്റെയും ഹെലികോപ്റ്ററുകൾ വന്നിറങ്ങിയപ്പോഴും അവരുടെ പേരുകൾ വേദിയിൽ നിന്ന് കേൾക്കുമ്പോഴും ഉയരുന്ന ആർപ്പുവിളികളിൽനിന്ന് വ്യക്തം.
‘42 വർഷം മുമ്പ് അച്ഛൻ രാജീവ് ഗാന്ധിയുടെ കൈപിടിച്ച് എത്തിയ 12 വയസ്സുകാരൻ എത്തുമ്പോൾ രാഷ്ട്രീയം വല്ലതും പഠിച്ചിട്ടുണ്ടെങ്കിൽ അത് അമേത്തി പഠിപ്പിച്ചതാണെന്ന്’പറഞ്ഞ് തുടങ്ങിയ ആ സംസാരത്തിൽ അമേത്തി തന്നെ കൈവിട്ടതിലുള്ള ഹൃദയവേദന രാഹുൽ മറച്ചുപിടിച്ചില്ല. ‘‘റായ്ബറേലിയിലാണ് മൽസരിക്കുന്നതെങ്കിലും ഞാൻ അമേത്തിയുടെതാണ്. അങ്ങനെയായിരുന്നു. ഇനിയുമങ്ങനെ തന്നെയായിരിക്കും. റായ്ബറേലിയിൽ നിന്ന് എം.പിയായാലും അമേത്തി എനിക്ക് കുടുംബമായി തുടരുകതന്നെ ചെയ്യും. റായ്ബറേലിയിൽ കൊണ്ടുവരുന്ന ഏതൊരു പദ്ധതിയും അമേത്തിയിലുമെത്തും’’എന്നുകൂടി രാഹുൽ പറഞ്ഞതോടെ ജനം ആർത്തുവിളിച്ചു.
‘സിലിണ്ടർ വാലാ’എന്നുവിളിച്ച് സ്മൃതി ഇറാനിയെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ വൈകാരികതയില്ലാത്ത അഖിലേഷിന്റെ തുടക്കം. അമേത്തിക്കാരോട് സ്മൃതി നടത്തിയ പൊള്ള വാഗ്ദാനങ്ങൾ ഓരോന്നും എണ്ണിയെണ്ണിപ്പറഞ്ഞ അഖിലേഷ് 13 രൂപക്ക് പഞ്ചസാര കിട്ടിയോ എന്ന് വിളിച്ചു ചോദിച്ചു. ജനം വോട്ടു നൽകാതെ അവർ എന്നന്നേക്കുമായി വിസ്മൃതിയിലാകുമെന്ന് കൂടി അഖിലേഷ് പരിഹസിച്ചു.
അഖിലേഷുമൊത്തുള്ള രാഹുലിന്റെ അമേത്തിയിലെ അവസാന ജനസഭക്ക് വന്നവരിലുമുണ്ട് കഴിഞ്ഞ തവണ രാഹുലിനെ തോൽപിക്കാൻ ബി.ജെ.പിക്ക് കുത്തിയ യാദവർ. ഇത്തവണ അമേത്തി കടക്കാൻ സ്മൃതി ഇറാനി ഇത്തിരി വിയർക്കുമെന്ന് പറയുന്ന സമാജ്വാദി പാർട്ടിക്കാരൻ രാജേഷ് യാദവ്, രാഹുൽ ഇത്തവണ അമേത്തിയിൽ മൽസരിക്കാതിരുന്നതാണ് നന്നായതെന്ന അഭിപ്രായക്കാരനാണ്. രാഹുൽ വന്നിരുന്നുവെങ്കിൽ സ്മൃതി ഇറാനിക്ക് ഒരുപക്ഷേ എളുപ്പമാകുമായിരുന്നുവെന്നും കഴിഞ്ഞ പ്രാവശ്യം രാഹുലിനെതിരെ വോട്ടു ചെയ്തവരാണെന്ന് വെളിപ്പെടുത്തിയ പേര് പറയാൻ മടിച്ച രണ്ട് യാദവർ ‘മാധ്യമ’ത്തോടു പറഞ്ഞു.
രാഹുലില്ലാത്ത അമേത്തി സ്മൃതിക്ക് മൽസരം ആയാസകരമാക്കിയോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ബി.ജെ.പി പ്രവർത്തകർ നൽകുന്ന ഉത്തരം. 40 വർഷമായി ഗാന്ധി കുടുംബത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കിഷോരി ലാലിനോളം മണ്ണറിയുന്ന മറ്റാരുമില്ലെന്നും അയാളെ അങ്ങനെയങ്ങ് എഴുതിത്തള്ളേണ്ടെന്നും പറയുന്നത് അമേത്തിയിലെ ബി.ജെ.പി നേതാവായ സമർ ബഹാദൂർ സിങ് തന്നെയാണ്. സ്മൃതി ഇറാനിയോട് മൽസരിക്കാവുന്ന ഒരു സ്ഥാനാർഥിയാണോ കിഷോരി ലാൽ ശർമ എന്ന് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ചപ്പരാസിയെന്ന് വിളിക്കുന്നത് നോക്കേണ്ടെന്നും അദ്ദേഹം ചേർത്തുപറയുന്നു. രാഹുൽ പേടിച്ച് ഒളിച്ചോടിയെന്ന ബി.ജെ.പി പ്രചാരണം ഗുണകരമാണെങ്കിലും മൽസരം ഇക്കുറി കടുത്തതാണെന്ന ബോധ്യത്തിലാണ് സ്മൃതി ഇറാനി. രാഹുലിനോട് തോൽക്കുന്നതിലും ദയനീയമാകും ‘ചപ്പരാസി’യോടുള്ള തോൽവി എന്ന തിരിച്ചറിവും സ്മൃതിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.