പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭ​യി​ൽ സം​സാ​രി​ക്കു​ന്നു

നീറ്റിൽ ചർച്ച വേണമെന്ന് കോൺഗ്രസ്; രാഹുലിന്‍റെ മൈക്ക് ഓഫാക്കി സ്പീക്കർ

ന്യൂഡൽഹി: ഭിന്നിപ്പിന്റെ സർക്കാർ തന്ത്രങ്ങൾ മറികടന്ന് ഇൻഡ്യ സഖ്യം ഒന്നിച്ചപ്പോൾ പാർലമെന്റിന്റെ ഇരുസഭകളും നീറ്റ് പ്രതിഷേധത്തിൽ മുങ്ങി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്കായി സമ്മേളിച്ചപ്പോൾ നീറ്റിൽ ചർച്ചയാവശ്യപ്പെട്ട് ഇൻഡ്യ സഖ്യം ലോക്സഭയും രാജ്യസഭയും ഉച്ചക്ക് 12 മണിവരെ സ്തംഭിപ്പിച്ചു. ലോക്സഭ 12 മണിക്ക് വീണ്ടും ചേർന്നുവെങ്കിലും നടുത്തളത്തിലിറങ്ങി ഇൻഡ്യ എം.പിമാർ നടത്തിയ പ്രതിഷേധം മൂലം നന്ദിപ്രമേയ ചർച്ച തുടങ്ങാനാകാതെ തിങ്കളാഴ്ചത്തേക്ക് സഭ പിരിഞ്ഞു.

അതേസമയം, രാജ്യസഭ 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോൾ നടുത്തളത്തിലെ ഇൻഡ്യ എം.പിമാരുടെ പ്രതിഷേധം ഗൗനിക്കാതെ ചെയർമാൻ ജഗ്ദ്പ് ധൻഖർ നന്ദി പ്രമേയ ചർച്ച തുടങ്ങി. പ്രതിഷേധത്തിനിടെ രക്തസമ്മർദമേറി ഛത്തിസ്ഗഢിൽനിന്നുള്ള കോൺഗ്രസ് എം.പി ഫൂലോദേവി നേതാം കുഴഞ്ഞുവീണിട്ടും ചെയർമാൻ ചർച്ചയുമായി മുന്നോട്ടു പോയതിൽ പ്രതിഷേധിച്ച് ഇൻഡ്യ എം.പിമാർ രാജ്യസഭ ബഹിഷ്‍കരിച്ചു. ലോക്സഭാ ഡോക്ടർ പരിശോധിച്ച എം.പിയെ ന്യൂഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെയർമാൻ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ചരിത്രത്തിലാദ്യമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും നടുത്തളത്തിലിറങ്ങി.

രാവിലെ ലോക്സഭ ചേർന്ന് അന്തരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കുമ്പോൾ അടിയന്തര പ്രമേയവും ശൂന്യവേളയും അനുവദിക്കില്ലെന്നായി സ്പീക്കർ ഓം ബിർള. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ആഗ്രഹിച്ചാൽ അത് അനുവദിക്കണമെന്നാണ് സഭാ ചട്ടമെന്ന് വാദിച്ച് എം.പിമാർ പ്രതിഷേധം തുടർന്നു.

നീറ്റ് വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന സന്ദേശം രാജ്യത്തെ വിദ്യാർഥികൾക്ക് ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുചേർന്ന് നൽകാനാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അത് കൊണ്ടാണ് നീറ്റിന് മാത്രമായി ഒരു ചർച്ച വേണമെന്ന് ആവശ്യപ്പെട്ടതെന്ന് രാഹുൽ പറഞ്ഞപ്പോഴേക്കും സ്പീക്കർ മൈക്ക് ഓഫ് ചെയ്ത് സഭാരേഖകൾ വെക്കാനായി മന്ത്രിമാരെ വിളിച്ചു. അതോടെ എഴുന്നേറ്റ ഇൻഡ്യ എം.പിമാർ ചർച്ച നീറ്റിൽ വേണമെന്ന് മുദ്രാവാക്യം വിളി തുടങ്ങി.

രാഹുലിന് രണ്ട് മിനിറ്റ് നൽകണമെന്ന് കെ.സി. വേണുഗോപാൽ, ദീപേന്ദർ സിങ് ഹൂഡ, ഗൗരവ് ഗോഗോയ് എന്നിവർ ആവശ്യപ്പെട്ടിട്ടും രാഹുൽ നേരിട്ട് ചോദിച്ചിട്ടും ഫലമുണ്ടായില്ല. അതോടെയാണ് ഇൻഡ്യ എം.പിമാർ നടുത്തളത്തിലേക്ക് ഇറങ്ങി ലോക്സഭ സ്തംഭിപ്പിച്ചത്. 

Tags:    
News Summary - Rahul Gandhi's mic muted as he raised NEET issue in Lok Sabha, claims Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.