മുംബൈ: ഗംഗ നദിയിലെ ജലത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) മേധാവി രാജ് താക്കറെ രംഗത്തെത്തി. നമ്മുടെ നദികളെ 'അമ്മ' എന്ന് വിളിച്ചിട്ടും അവയെ വൃത്തിയായി സൂക്ഷിക്കുന്നതിൽ നാം പൂർണമായും പരാജയപ്പെടുന്നുവെന്ന് എം.എൻ.എസിന്റെ 19-ാം സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
"നമ്മൾ വിദേശയാത്ര നടത്തുമ്പോൾ, സ്ഫടികം പോലെ തെളിഞ്ഞ നദികൾ കാണാം. നമ്മുടെ രാജ്യത്താകട്ടെ നദികളിലേക്ക് മാലിന്യം ഒഴുക്കി വിടുന്നു. രാജ്യം ഒരു മഹാമാരിയിൽ നിന്ന് കരകയറിയതേയുള്ളൂ, എന്നിട്ടും ആളുകൾ കുംഭമേളയിലേക്ക് ഒഴുകുകയാണ്. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ ശ്രമിക്കണം. പാർട്ടി സഹപ്രവർത്തകൻ ബാല നന്ദ്ഗാവോങ്കർ ഒരിക്കൽ കുംഭമേളയിൽ നിന്ന് ഗംഗാ ജലം തനിക്ക് തന്നു. ആരാണ് ആ വെള്ളം കുടിക്കുക, ലക്ഷക്കണക്കിന് ആളുകൾ കുളിച്ച വെള്ളത്തിൽ ഞാൻ തൊടില്ല.
ഗംഗാ നദിയിൽ കുളിക്കുമ്പോൾ ആളുകൾ സ്വയം വൃത്തിയാക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകളിൽ കാണുന്നു. പറയൂ, ആ വെള്ളം ആരാണ് കുടിക്കുക. വിശ്വാസത്തിനും ചില അര്‍ത്ഥങ്ങളുണ്ടായിരിക്കണം. ഇന്ത്യയിലെ ഒരു നദിയും മാലിന്യമുക്തമല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം മുതൽ ഗംഗാ ശുചീകരണ പ്രചാരണത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. രാജ് കപൂർ ഗംഗാ നദിയെക്കുറിച്ച് ഒരു സിനിമയും ചെയ്തു. പക്ഷേ ഗംഗാ ഇപ്പോഴും ശുദ്ധമല്ല."- എന്നായിരുന്നു രാജ് താക്കറെയുടെ വിമർശനം.
എന്നാൽ, രാജ് താക്കറെയുടെ പരാമർശം വ്യാപകമായ വിമർശനത്തിനും ഇടയാക്കി. എം.എൻ.എസ് മേധാവി ഇപ്പോൾ പൂർണമായും സനാതന വിരുദ്ധനായി മാറിയോ? എന്നാണ് ശിവസേന നേതാവ് സഞ്ജയ് നിരുപം സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചത്. ഹിന്ദു പാരമ്പര്യങ്ങളെ അദ്ദേഹം കളിയാക്കുന്ന രീതി കാണുമ്പോൾ, വരും ദിവസങ്ങളിൽ അദ്ദേഹം ഹിന്ദുത്വ വിരുദ്ധനാകുമോ എന്നൊരു ചോദ്യം തന്റെ മനസിൽ ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ലക്ഷക്കണക്കിന് ആളുകൾ നദിയിൽ മുങ്ങിക്കുളിക്കുന്നു, അതിന് ഒരു ആത്മീയ പാരമ്പര്യമുണ്ട്. രാജ് താക്കറെക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാകാം, പക്ഷേ കുംഭമേള സമയത്ത് കുളിക്കുന്നത് അന്ധവിശ്വാസമല്ല. ഇത് നൂറ്റാണ്ടുകളായി തുടരുന്നു' എന്നായിരുന്നു ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.