ന്യൂഡൽഹി: ജയ്പൂർ സ്ഫോടന കേസിൽ നാല് മുസ്‍ലിം യുവാക്കളെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് ഭരിക്കുന്നു രാജസ്ഥാൻ സർക്കാർ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് അപ്പീൽ നൽകുമെന്ന് അറിയിച്ചത്. ഗെഹ്ലോട്ടിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് അപ്പീൽ നൽകാൻ ധാരണയായത്. കേസിൽ ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രാജേന്ദ്ര യാദവിനെ പുറത്താക്കാനും യോഗം തീരുമാനിച്ചു.
കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് സർക്കാർ നിലപാട്. അതിനാൽ എത്രയും പെട്ടെന്ന് സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ ചീഫ് സെക്രട്ടറി ഉഷ ശർമ്മ, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് കുമാർ, ഡി.ജി.പി ഉമേഷ് മിശ്ര, തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ എന്നിവരെല്ലാം പങ്കെടുത്തിരുന്നു.
നേരത്തെ ജയ്പൂർ സ്ഫോടനകേസിൽ ശിക്ഷിക്കപ്പെട്ട നാല് മുസ്‍ലിം യുവാക്കളെ രാജസ്ഥാൻ ഹൈകോടതി കുറ്റവിമുക്തരാക്കിയിരുന്നു. സർവാർ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. നേരത്തെ കേസിൽ നാല് പേർക്കും കീഴ്ക്കോടതി വധശിക്ഷ വിധിച്ചിരുന്നു. കേസന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. കേസിൽ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
ബുധനാഴ്ചയാണ് കേസിൽ നിർണായക വിധി പുറത്ത് വന്നതിന്. 2019 ഡിസംബർ 20നാണ് പ്രത്യേക കോടതി നാല് പേരെയും വധശിക്ഷക്ക് വിധിച്ചത്. നാല് യുവാക്കളെയും മനപൂർവം കേസിൽ കുടുക്കുകയാണെന്ന ആരോപണം കുടുംബാംഗങ്ങൾ ഉന്നയിച്ചിരുന്നു. അസോസിയേഷൻ ഫോർ സിവിൽ റെറ്റസ് പ്രൊട്ടക്ഷനാണ് കേസിൽ നാല് യുവാക്കൾക്കും വേണ്ടി പോരാടിയത്. ജയ്പൂർ സ്ഫോടനത്തിൽ 71 പേർ മരിക്കുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.