ഡോ. കഫീൽ ഖാൻെറ ഭാര്യക്കിത്​ ജന്മദിന സമ്മാനം; ഒരു നിരപരാധിയെയും ജയിലിലടക്കരുതെന്ന്​ അഭ്യർഥിച്ച്​ ഡോ. ഷബിസ്​ത

ലഖ്​നോ: ഡോ. കഫീൽ ഖാൻെറ മോചന വാർത്ത ഭാര്യയും ഡോക്​ടറുമായ ഷബിസ്​ത ഖാനെ തേടിയെത്തിയത്​ ജന്മദിനത്തിൽ. ഏഴു മാസമായുള്ള വേദനയിൽ നിന്നുള്ള മോചനം ജന്മദിനത്തിൽ തന്നെ ആയത്​ അവർക്ക്​ ഇരട്ടി മധുരവുമായി. 'നീതി പുലർന്നിരിക്കുന്നു. അൽപം വൈകിയാണെങ്കിലും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന്​ തെളിഞ്ഞിരിക്കുന്നു'- ഇതായിരുന്നു കഫീൽ ഖാനുമേൽ ചുമത്തിയിരുന്ന ദേശ സുരക്ഷാ നിയമപ്രകാരമുള്ള (എൻ.എസ്​.എ) കുറ്റം അലഹബാദ്​ ഹൈകോടതി തള്ളിയതറിഞ്ഞ്​ ഡോ. ഷബിസ്​തയുടെ ആദ്യ പ്രതികരണം. തൻെറ കുടുംബത്തിലേക്ക്​ സന്തോഷം തിരികെ കൊണ്ടുവരാൻ യത്​നിച്ച എല്ലാവർക്കും തങ്ങൾക്ക്​ നീതി നൽകിയ കോടതിക്കും അവർ നന്ദിയും പറഞ്ഞു. കഫീൽ ഖാൻെറ മോചനത്തിനായി ശബ്​ദമുയർത്തിയവർ, ​സമൂഹ മാധ്യമങ്ങളിലടക്കം കാമ്പയിൻ നടത്തിയവർ, രാജ്യത്തിൻെറ മുക്കിലും മൂലയിലും പോസ്​റ്ററുകൾ ഒട്ടിച്ചവർ, സമരം നയിച്ചവർ എന്നിവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട്​ ഒരു വിഡിയോയും അവർ പുറത്തുവിട്ടു.

'എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത കാര്യമാണ്​ നിങ്ങൾ ചെയ്​തത്​. മകനെ കാണാൻ കാത്തിരുന്ന ഒരു മാതാവിന്​ വേണ്ടിയും പിതാവിനെ കാണാൻ കാത്തിരുന്ന ഒരു മകൾക്കു വേണ്ടിയുമാണ്​ നിങ്ങൾ ശബ്​ദമുയർത്തിയത്​. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ മുഖത്ത്​ ഇന്നീ ചിരി വിരിയുകയില്ലായിരുന്നു. ഈ രാജ്യത്തെ ​സ്​നേഹിച്ച, ഇവിടുത്തെ ജനങ്ങൾക്കിടയിൽ സേവനം ചെയ്​ത ഒരു നിരപരാധിയെയാണ്​ ഭരണകൂടം ഏഴുമാസം ജയിലിൽ അടച്ചത്​. ഒരു മനുഷ്യനും അയാളുടെ കുടുംബവും തകർന്നുപോയ ആ ഏഴുമാസം ഇനി തിരികെ കിട്ടുകയുമില്ല' - അവർ പറഞ്ഞു.

ഇനി ഒരു നിരപരാധിയുടെയും ജീവിതം തകർക്കാൻ എൻ.എസ്​.എ ദുരുപയോഗം ചെയ്യരുതെന്ന്​ അവർ സർക്കാറിനോട്​ അഭ്യർഥിച്ചു. 'കുറ്റവാളികളാണെന്ന്​ തെളിയുന്നവരെ ജയിലിൽ അടച്ചോളൂ. പക്ഷേ, ഒരു കുറ്റവും ചെയ്യാത്തവരെ നിയമം ദുരുപയോഗം ചെയ്​ത്​ ശിക്ഷിക്കരുത്​. ഒരുപാട്​ നിരപരാധികൾ ഇത്തരത്തിൽ ജയിലിൽ കഴിയുന്നുണ്ട്​. അവർക്ക്​ വേണ്ടിയും നമ്മൾ ഒരുമിച്ച്​ ശബ്​ദമുയർത്തണം. തെറ്റിനെതിരെ ഒറ്റക്കെട്ടായി നമ്മൾ അണിനിരന്നാൽ അവർക്കും നീതി നേടിയെടുക്കാൻ കഴിയും. സത്യം എപ്പോഴും ജയിക്കും' -ഡോ. ഷബിസ്​ത പറഞ്ഞു.

നാല്​ വയസ്സുള്ള മകൾ പിതാവിനെ അന്വേഷിച്ച്​ കരഞ്ഞ നാളുകളെ അതിജീവിക്കാൻ ബുദ്ധിമുട്ടിയതും അവർ വിവരിച്ചു. 'ഈ എഴുമാസത്തിനിടെ എല്ലാ ദിവസവും അവൾ പിതാവ്​ എവിടെയെന്ന്​ അന്വേഷിക്കും. അദ്ദേഹം കോവിഡ്​ പ്രതിരോധ ചികിത്സയുടെ തിരക്കിലാണെന്നാണ്​ പറഞ്ഞിരുന്നത്​. അത്​ പൂർണമായും അവൾ പക്ഷേ, വിശ്വസിച്ചിരുന്നില്ല. ഇന്നത്തെ കുട്ടികൾ വളരെ ബുദ്ധിയുള്ളവരാണ്​. അവരെ എല്ലായ്​പ്പോഴും കബളിപ്പിക്കാൻ കഴിയില്ല. ഇന്ന്​ പിതാവ്​ വരുന്നു എന്നറിഞ്ഞ്​ അവൾ വളരെ സന്തോഷത്തിലാണ്​. കോവിഡ്​ ചികിത്സക്ക്​ നേതൃത്വം നൽകിയതിൻെറ മെഡലുമായി അദ്ദേഹം വരുമെന്നാണ്​ അവൾ കരുതിയിരിക്കുന്നത്​. നിയമത്തിൻെറ ദുരുപയോഗം മൂലം നിഷ്​കളങ്കരായ മക്കളിൽ നിന്ന്​ അകന്നിരിക്കേണ്ടി വരുന്ന നിരപരാധികളുടെയെല്ലാം മോചനത്തിന്​ ഒറ്റക്കെട്ടായി അണിനിരക്കണം'- ഡോ. ഷബിസ്​ത പറഞ്ഞു. 



Tags:    
News Summary - Release of Dr. Kafeel, a birthday gift to wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.