ഹിന്ദുത്വ നേതാവിനെ അറസ്റ്റ് ചെയ്തത് ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിന്റെ പേരിലല്ലെന്ന് പൊലീസ്

മുസ്‍ലിംകളെ കൂട്ടക്കൊല നടത്താൻ പുതിയ ആയുധങ്ങൾ കണ്ടെത്തണം എന്ന് ഹരിദ്വാർ ധർമ സൻസദിൽ കൊലവിളി പ്രസംഗം നടത്തിയ ഹിന്ദു സന്യാസിയെ ആ കേസിൽ അല്ല ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ്. പൊലീസ് ഉന്നത ഉദ്യോഗസ്ഥൻ ഈ കാര്യം വ്യക്തമാക്കിയതായി 'എൻ.ഡി' ടി.വി റിപ്പോർ ചെയ്തു.

കഴിഞ്ഞ മാസം ഹരിദ്വാറിൽ മുസ്‌ലിംകളെ വംശഹത്യക്ക് ആഹ്വാനം ചെയ്‌ത പരിപാടി സംഘടിപ്പിച്ച മതനേതാവ് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്‌തത് സ്‌ത്രീകളെ അപകീർത്തികരമായി പരാമർശിച്ചതിനാണ്‌, അല്ലാതെ ധർമ സൻസദിലോ മതസമ്മേളനത്തിലോ നടത്തിയ വിദ്വേഷ പ്രസംഗത്തിനല്ലെന്ന് പൊലീസ് എൻ.ഡി ടി.വിയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദ്വേഷ പ്രസംഗ കേസിലും മതമേലധ്യക്ഷന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഈ കേസിലും റിമാൻഡ് ചെയ്യപ്പെടുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

'സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്, ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലല്ല. ആ കേസിൽ ഇതുവരെ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തെ റിമാൻഡ് ചെയ്യും, നടപടിക്രമങ്ങൾ തുടരുകയാണ്. ഞങ്ങൾ വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാൻഡ് അപേക്ഷയിൽ ഉൾപ്പെടുത്തും'-പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എഫ്‌.ഐ.ആറിൽ സ്ത്രീകളെ അപമാനിച്ചതിന് പുറമെ വിദ്വേഷ പ്രസംഗവും ചുമത്തിയിട്ടുണ്ട്.

മതം മാറുന്നതിന് മുമ്പ് വസീം റിസ്‌വിയായിരുന്ന ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയാണ് കേസിൽ ഇതുവരെ അറസ്റ്റിലായ ഏക പ്രതി. സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം, സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. പരിപാടി സംഘടിപ്പിച്ചവരും വിദ്വേഷ പ്രസംഗം നടത്തിയവരും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്. "ഞാൻ പറഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നില്ല, എനിക്ക് പൊലീസിനെ പേടിയില്ല. ഞാൻ എന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു," ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കൊപ്പം പലപ്പോഴും വേദി പങ്കിടാറുള്ള പ്രബോധാനന്ദ് ഗിരി പറഞ്ഞു. 

Tags:    
News Summary - Religious Leader Arrested For Misogyny, Not Haridwar Hate Speech: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.