ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.ജെ.പി പ്രവർത്തകന്റെ നിവേദനം സർക്കാറിന്റെ പരിഗണനയിലാണെന്ന് കേന്ദ്രം അലഹബാദ് ഹൈകോടതിയെ അറിയിച്ചു.
രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കർണാടക ബി.ജെ.പി അംഗം എസ്. വിഘ്നേഷ് ശിശിർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ജസ്റ്റിസ് അതാഉറഹ്മാൻ മസ്ഊദി, ജസ്റ്റിസ് അജയ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. പൗരത്വ കാര്യത്തിൽ തീരുമാനമെടുക്കാൻ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ സൂര്യ ഭാൻ പാണ്ഡെ രണ്ട് മാസംകൂടി സമയം തേടി. കേസിൽ അടുത്ത വാദം കേൾക്കൽ ഏപ്രിൽ 21ലേക്ക് മാറ്റി. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ചും ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.
ഇതേ വാദമുയർത്തി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കേന്ദ്രത്തിന് നൽകിയ നിവേദനവും സർക്കാറിന് മുന്നിലുണ്ട്. നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജി മാർച്ച് 26ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് അലഹബാദ് ഹൈകോടതിയിൽ കേന്ദ്രത്തിന്റെ മറുപടിയെന്നതും ശ്രദ്ധേയമാണ്. യു.കെയിൽ രജിസ്റ്റർ ചെയ്ത ബാക്ഓപ്സ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാരിൽ ഒരാളാണ് രാഹുലെന്നാണ് ആരോപണം. കമ്പനിയുടെ വാർഷിക റിട്ടേൺസിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.