മംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) വിതരണം ചെയ്യുന്ന നന്ദിനി പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാൻ വ്യാഴാഴ്ച മന്ത്രിസഭ യോഗം തീരുമാനിച്ചു. കെ.എം.എഫിന്റെയും കർഷക സംഘടനകളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണിത്.
ഈ മാസം 30 ന് കർണാടകയിലുടനീളം ആഘോഷിക്കുന്ന ഉഗാദി ഉത്സവത്തിന് മുമ്പാണ് കുത്തനെയുള്ള വർധനവ്. ഈ വർധന ഹോട്ടലുകളിലും മധുരപലഹാര കടകളിലും കാപ്പി, ചായ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിലയിൽ പ്രതിഫലിക്കുമെന്ന് മംഗളൂരുവിൽ ഈ മേഖലയിലെ വ്യാപാരികൾ പറഞ്ഞു. മെട്രോ, ആർ.ടി.സി ബസ് ചാർജ് വർധന വൈദ്യുതി നിരക്ക് പരിഷ്കരണം, ടോൾ നിരക്ക് വർധന തുടങ്ങിയവക്ക് പിന്നാലെയാണ് പാലിനും വിലക്കയറ്റം. ഇതും ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും.
ലിറ്ററിന് അഞ്ചുരൂപ വർധനവ് ക്ഷീര കർഷകർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നാല് രൂപയിൽ ഒത്തുതീർത്തു. ഈ പരിഷ്കരണത്തോടെ ജനപ്രിയമായ ഒരു ലിറ്റർ നീല പാക്കറ്റ് നന്ദിനി പാലിന്റെ വില 44 രൂപയിൽ നിന്ന് 48 രൂപയായി ഉയരും. ഈ മാസം അഞ്ചിന് കർണാടക സർക്കാർ പാൽ വില വർധന സൂചിപ്പിച്ചിരുന്നു. വില വർധന ആസന്നമാണെന്ന് മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷ് നിയമസഭയിൽ നടന്ന ചോദ്യോത്തര വേളയിൽ സ്ഥിരീകരിക്കുകയും ചെയ്തു.
പാൽഉൽപാദകർക്ക് സർക്കാർ 656.07 കോടി രൂപ സബ്സിഡി നൽകാനുണ്ടെന്നും ഇത് 9.04 ലക്ഷം ഗുണഭോക്താക്കളെ ബാധിച്ചുവെന്നും വെങ്കിടേഷ് വെളിപ്പെടുത്തി. ധന വകുപ്പ് ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ കുടിശ്ശിക തുക വിതരണം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട സംഭരണ നിരക്കുകൾക്കായി കർഷകർ തുടക്കത്തിൽ ലിറ്ററിന് 10 രൂപ വർധനവ് ആവശ്യപ്പെട്ടിരുന്നു.
വില വർധനവിനായുള്ള പ്രതിഷേധങ്ങൾ ഫെബ്രുവരി മുതൽ കർണാടക രാജ്യ റൈത്ത സംഘത്തിന്റെയും ഗ്രീൻ ബ്രിഗേഡിന്റെയും നേതൃത്വത്തിൽ നടന്നുവരികയായിരുന്നു. പാൽ സംഭരണ വില ലിറ്ററിന് കുറഞ്ഞത് 50 രൂപയായി ഉയർത്തണമെന്നും കുറഞ്ഞ താങ്ങുവില (എംഎസ്പി) നടപ്പിലാക്കുന്നതുവരെ ലിറ്ററിന് 10 രൂപ ഇടക്കാല താങ്ങുവില ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വർധനവിനെ എതിർത്തിരുന്നെങ്കിലും കർഷകരുടെയും പാൽ ഫെഡറേഷനുകളുടെയും നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഈ തീരുമാനത്തിന് അംഗീകാരം നൽകി.
അവസാന പാൽ വില പരിഷ്കരണം 2024 ജൂൺ 25നാണ് നടന്നത്. ലിറ്ററിന് രണ്ടു രൂപ വർധിപ്പിച്ച് ഓരോ പാക്കറ്റിലും 50 മില്ലി ലിറ്റർ അധികം ചേർത്തു. പുതിയ പരിഷ്കരണത്തിൽ വിലയല്ലാതെ പാലിന്റെ അളവ് വർധനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.