'വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണം; ആർക്ക്, എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് അവർക്കറിയാം'

ന്യൂഡൽഹി: ഉത്തരേന്ത്യയായാലും ദക്ഷിണേന്ത്യയായാലും വോട്ടർമാരുടെ വിവേകത്തെ ബഹുമാനിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും എന്തുകൊണ്ടാണ് വോട്ട് ചെയ്യേണ്ടതെന്നും അവർക്ക് നന്നായി അറിയാമെന്നും കപിൽ സിബൽ പറഞ്ഞു. കേരളത്തിലെ വോട്ടർമാരെ കുറിച്ച് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് വിവാദമാവുകയും ബി.ജെ.പി നേതൃത്വം ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കപിൽ സിബലിന്‍റെ പ്രസ്താവന.

'രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയെ കുറിച്ച് പറയാൻ താനാരുമല്ല. ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് അദ്ദേഹത്തിന് തന്നെ വിശദീകരിക്കാൻ കഴിയും. എനിക്ക് പറയാനുള്ളത് വോട്ടർമാരെ കുറിച്ചാണ്. ഉത്തരേന്ത്യയായാലും ദക്ഷിണേന്ത്യയായാലും എവിടെയായാലും വോട്ടർമാരെ ബഹുമാനിക്കണം. അവരുടെ വിവേകത്തെ താഴ്ത്തിക്കെട്ടരുത് -സിബൽ പറഞ്ഞു.

കോൺഗ്രസ് രാജ്യത്തെ വിഭജിച്ച് ഭരിക്കാൻ ശ്രമിക്കുകയാണെന്ന ബി.ജെ.പി ആരോപണത്തെ ചിരിച്ച് തള്ളുകയാണ്. 2014-ല്‍ അധികാരത്തില്‍ വന്നത് മുതൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരാണ് ബി.ജെ.പിയുടേത് കപിൽ സിബൽ പറഞ്ഞു.

ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിൽ ഉത്തരേന്ത്യയിലെ വോട്ടർമാരെയും കേരളീയരെയും താരതമ്യപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 'ആദ്യത്തെ 15 വർഷം ഞാൻ ഉത്തരേന്ത്യയിൽ എം.പിയായിരുന്നു. വിവിധതരം രാഷ്ട്രീ‍യവുമായി ഇടപഴകി. കേരളത്തിലേക്ക് വരുന്നത് എപ്പോഴും ഉന്മേഷമുണ്ടാക്കുന്നതാണ്. ഇവിടെ ജനങ്ങൾക്ക് പ്രശ്നങ്ങളിൽ താൽപര്യമുണ്ട്. പ്രശ്നങ്ങളെ ആഴത്തിൽ സമീപിക്കുന്നവരാണ് ഇവിടെയുള്ളവർ' -എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

പരാമർശത്തിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. കുറച്ചുനാൾ മുമ്പ് വടക്കുനിന്ന് തെക്കോട്ട് വമിപ്പിച്ച വിഷം ഇപ്പോൾ തെക്കു നിന്ന് വടക്കോട്ട് വമിപ്പിക്കുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ വിമർശിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും രാഹുലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Respect Wisdom Of Electors": Kapil Sibal On Rahul Gandhi's Kerala Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.