ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (എം.സി.ഡി) തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കടുത്ത കെടുകാര്യസ്ഥത ആരോപിച്ച് രോഷാകുലരായി വോട്ടർമാർ. വെസ്റ്റ് പട്ടേൽ നഗറിലെ ഒരു പോളിംഗ് ബൂത്തിലെ നിരവധി വോട്ടർമാർ തങ്ങൾ വോട്ട് ചെയ്യേണ്ട ബൂത്ത് തേടി മണിക്കൂറുകളോളം അലഞ്ഞുവെന്ന് ആരോപിച്ച് രംഗത്തെത്തി.
"ഒരു മണിക്കൂറിലേറെയായി ഞാൻ എന്റെ കുട്ടിയുമായി കറങ്ങുന്നു. പക്ഷേ ഇപ്പോഴും വോട്ടുചെയ്യാൻ ഒരു ബൂത്ത് ലഭിച്ചിട്ടില്ല. എന്നെ വിവിധ ബൂത്തുകളിലേക്ക് പറഞ്ഞുവിടുകയാണ്. എന്റെ ഭാര്യ വോട്ട് രേഖപ്പെടുത്തി. പക്ഷേ എനിക്ക് കഴിഞ്ഞില്ല. എവിടെ വോട്ടുചെയ്യണമെന്ന് ആർക്കും അറിയില്ല" -കാലു റാം എന്ന വോട്ടർ പറയുന്നു.
സമാനമായ സാഹചര്യം നേരിട്ട മറ്റൊരു സ്ത്രീ, തന്റെ കുടുംബത്തിലെ 20 ലധികം അംഗങ്ങൾ വോട്ട് ചെയ്യാൻ എത്തിയിരുന്നുവെന്നും എന്നാൽ അവരിൽ ഭൂരിഭാഗവും തങ്ങളുടെ ബൂത്ത് കണ്ടെത്താൻ കഴിയാതെ മടങ്ങിപ്പോയെന്നും പറഞ്ഞു.
"ഞങ്ങൾ രണ്ട് മണിക്കൂറായി അലഞ്ഞുതിരിയുകയാണ്. അവിടെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഓരോ ബൂത്തിലും പറഞ്ഞു. എവിടെ വോട്ട് ചെയ്യണമെന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ എങ്ങനെ വോട്ട് ചെയ്യും?" -ഒരു സ്ത്രീ പറയുന്നു.
വോട്ടിംഗ് പട്ടിക പുതുക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ചില വോട്ടർമാരുടെ ശരിയായ വിലാസം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ചിലർ ആധാർ കാർഡുകൾ ലിങ്ക് ചെയ്‌തിട്ടില്ല. മറ്റ് പ്രശ്‌നങ്ങളുണ്ടെന്ന് അവർ പറഞ്ഞു. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 250 വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ബി.ജെ.പിയും എ.എ.പിയും തലസ്ഥാനത്ത് മത്സരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.