PM Modi

രണ്ടര വർഷത്തെ വിദേശയാത്രക്ക് മോദി ഖജനാവിൽ നിന്ന് പൊടിച്ചത് 258 കോടി രൂപ; ഏറ്റവും ചെലവേറിയ യാ​ത്ര യു.എസിലേക്ക്

ന്യൂഡൽഹി: 2022 മേയ് മുതൽ 2024 ഡിസംബർ വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 38 വിദേശയാത്രകളെന്ന് കേന്ദ്രസർക്കാർ. ഇതിനായി ചെലവഴിച്ചത് 258.9 കോടി രൂപയാണെന്ന് സർക്കാർ വൃത്തങ്ങൾ രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

മോദിയുടെ ഏറ്റവും ആഡംബര യാത്ര യു.എസിലേക്കാണ്. 2023 ജൂണിൽ 22 കോടി രൂപ ചെലവഴിച്ചാണ് മോദി യു.എസിലേക്ക് പോയത്. 2024 ഡിസംബറിൽ ​നടത്തിയ യു.എസ് യാത്രയിൽ 15 കോടിയും ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ ​പ്രതിനിധിസംഘം, ഗതാഗതം, സുരക്ഷ, സ്ഥലം സന്ദർശിക്കുന്നതിന്റെ ചെലവുകൾ എന്നിവയെല്ലാം ഈ കണക്കുകളിൽ ഉൾപ്പെടും. എന്നാൽ മറ്റ് പലവക ഇനത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ സർക്കാർ പുറത്തുവിട്ടില്ല.

2022ൽ ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്, നേപ്പാൾ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ജപ്പാൻ, ഉസ്ബെകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്.

2023ൽ പാപ്വ ന്യൂ ഗിനി, ആസ്ട്രേലിയ, ജപ്പാൻ, യു.എസ്, യു.എ.ഇ, ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലും സന്ദർശിച്ചു.

2024ൽ പ്രധാനമന്ത്രി യു.എ.ഇ, ഭൂട്ടാൻ, ഖത്തർ, ഇറ്റലി, ആസ്ട്രേലിയ, റഷ്യ, പോളണ്ട്, യുക്രെയ്ൻ, ബ്രൂണെ ദാറുസ്സലാം, യു.എസ്, സിംഗപ്പൂർ, ലാവോസ്, ബ്രസീൽ, ഗുയാന, കുവൈത്ത് എന്നീ രാജ്യങ്ങളിലുമെത്തി.

വ്യാഴാഴ്ച രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കായി ഇന്ത്യൻ എംബസികൾ ചെലവഴിച്ച ആകെ തുക, ഹോട്ടൽ ക്രമീകരണങ്ങൾ, ഗതാഗത ചെലവുകൾ, മറ്റ് പലവക ചെലവുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാനാണ് ഖാർഗെ ആവശ്യപ്പെട്ടത്.

2023 മെയ് മാസത്തിൽ പ്രധാനമന്ത്രി നടത്തിയ ജപ്പാൻ സന്ദർശനത്തിന് 17,19,33,356 രൂപയും 2022 മെയ് മാസത്തിൽ നടത്തിയ നേപ്പാൾ സന്ദർശനത്തിന് 80,01,483 രൂപയും ചെലവായതായി വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

Tags:    
News Summary - Rs 258 crore spent on PM Modi’s foreign trips in 32 months since May 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.