പാകിസ്താൻ ചാരസംഘടനക്ക് വിവരങ്ങൾ ചോർത്തിയ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞന്റെ ആർ.എസ്.എസ് ബന്ധം പുറത്ത്

പാകിസ്താൻ ചാരസംഘടനക്ക് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കൈമാറിയതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനിലെ (ഡി.ആർ.ഡി.ഒ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധം. ആർ.എസ്.എസുമായുള്ള തന്‍റെ ബന്ധത്തിന് തലമുറകളുടെ പഴക്കമുണ്ടെന്ന് വെളിപ്പെടുത്തുന്ന യുട്യൂബ് ചാനൽ അഭിമുഖത്തിന്റെ വിഡിയോയും സവർക്കർ സ്‌മൃതി ദിനത്തിൽ ആർ.എസ്.എസ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘തലമുറകളായി തന്റെ കുടുംബം ആർ.എസ്.എസുമായി ബന്ധപ്പെടുന്നുണ്ട്. ആർ.എസ്.എസ് വളന്റിയറായിരുന്ന മുത്തച്ഛനാണ് പുണെ ​ശാഖയുടെ കണക്കുകൾ സൂക്ഷിച്ചിരുന്നത്. പിന്നീട് ആ ചുമതല അച്ഛനിലെത്തി. അഞ്ചാം വയസ്സ് മുതല്‍ താൻ ശാഖയില്‍ പോകുന്നുണ്ട്. ശാഖ തന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഗണിതശാസ്ത്ര അധ്യാപകനായപ്പോഴും ഈ ബന്ധം തുടർന്നു’, എന്നിങ്ങനെയാണ് അഭിമുഖത്തിൽ കുരുൽക്കർ വെളിപ്പെടുത്തുന്നത്.

1988 മുതൽ ഡി.ആർ.ഡി.ഒയിൽ ജോലി ചെയ്യുന്ന കുരുൽക്കർ, പുണെയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്​​മെന്റ് ലബോറട്ടറി ഡയറക്ടർ എന്ന നിലയിൽ സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലിന് സമാനമായ പദവി വഹിക്കുകയായിരുന്നു. 2022 സെപ്റ്റംബർ മുതൽ വാട്ട്സ്ആപ് മെസേജിലൂടെയും വോയ്സ്, വിഡിയോ കോളിലൂടെയും പാകിസ്താൻ‍ ഇന്റലിജന്റ്സ് ഓപറേറ്റിവിന്റെ വനിത ഏജന്റുമായി ബന്ധപ്പെട്ടിരുന്നതായും രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമായി ആശയവിനിമയം നടത്താൻ ഉപയോ​ഗിച്ചിരുന്ന പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും ലാപ്ടോപും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

ഹണിട്രാപ്പിൽ പെടുത്തിയാണ് ഇയാളിൽനിന്ന് പാകിസ്താൻ ഏജന്റ് വിവരങ്ങൾ ചോർത്തിയതെന്നാണ് വ്യക്തമാകുന്നത്. സമൂഹ മാധ്യമങ്ങൾ വഴി 59കാരനുമായി ബന്ധം സ്ഥാപിച്ച ചാരവനിത സ്വകാര്യ ചിത്രങ്ങളും വിഡിയോകളും അയച്ച് സൗഹൃദം ഉറപ്പിക്കുകയും പിന്നീട് ഇതുവെച്ച് ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തുകയുമായി​രുന്നെന്നാണ് കരുതുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രദീപ് എം. കുരുൽക്കറിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പുണെയിൽ വെച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രാജ്യസുരക്ഷക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണ് എന്നറിഞ്ഞ് കൊണ്ടുതന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എ.ടി.എസ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച പുണെ സ്​പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മേയ് 15 വരെ എ.ടി.എസ് കസ്റ്റഡിയിൽ വിട്ടു.

അതേസമയം, കുരുൽക്കറിന്റെ അറസ്റ്റോടെ ആർ.എസ്.എസിനെതിരെ പ്രതിഷേധവുമായി എൻ.സി.പി പ്രവർത്തകർ രംഗത്തെത്തി. രാജ്യസ്നേഹം പറഞ്ഞു നടക്കുന്ന ആർ.എസ്.എസിൽ അംഗമായ കുരുൽക്കർ രാജ്യത്തെ വഞ്ചിച്ചതായി എൻ.സി.പി പുണെ സിറ്റി പ്രസിഡന്റ് പ്രശാന്ത് ജഗ്തപ് കുറ്റപ്പെടുത്തി. കുരുൽക്കറിനെതിരായ ആരോപണങ്ങളുടെ വെളിച്ചത്തിൽ കേന്ദ്ര സർക്കാർ വേഗത്തിൽ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - RSS link of DRDO scientist who leaked information to Pakistani spy agency exposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.