ന്യൂഡൽഹി: കോവിഡ് രൂക്ഷമായ ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‍ലാൻഡ്, ഹോങ്കോങ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ജനുവരി ഒന്നു മുതൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാർ എയർ സുവിധ പോർട്ടലിർ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതോടെയാണ് കേന്ദ്ര സർക്കാർ നീക്കം. രണ്ട് ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ 6000 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചതിൽ 39 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ജനുവരിയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ അടുത്ത 40 ദിവസം ഇന്ത്യക്ക് നിർണായകമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
കിഴക്കനേഷ്യയിൽ കോവിഡ് വ്യാപിച്ച ശേഷം 30-35 ദിവസത്തിനിടെ ഇന്ത്യയിൽ വ്യാപകമായതെന്ന മുൻ അനുഭവമുണ്ട്. അതേസമയം, കോവിഡ് ബാധയുടെ തീവ്രത വളരെ കുറവാണെന്നും തരംഗമുണ്ടായാൽ പോലും മരണവും ആശുപത്രി വാസവും കുറവായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരെ പരിശോധിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.