ബംഗളൂരു: കർണാടകയിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ രൂക്ഷമായി വിമർശിച്ച് ജനതാദൾ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. അഞ്ച് വർഷം അധികാരത്തിലിരുന്ന കോൺഗ്രസ് എന്തു കൊണ്ട് അന്ന് ബജ്റംഗ് ദളിനെ നിരോധിച്ചില്ലെന്ന് കുമാരസ്വാമി ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് ഇത്തരത്തിൽ കുമാരസ്വാമി പ്രതികരിച്ചത്.
''അഞ്ച് വർഷം അധികാരത്തിലിരുന്ന കോൺഗ്രസ് എന്തു കൊണ്ട് അന്ന് ബജ്റംഗ് ദൾ അടക്കമുള്ളവയെ നിരോധിച്ചില്ല. എന്തു കൊണ്ടാണ് ഇപ്പോൽ ഈ വിഷയം കോൺഗ്രസ് ഉന്നയിക്കുന്നത്. വിദ്വേഷ പ്രചാരണം നടത്തുന്ന സംഘടനകളുടെ സംസ്കാരം മാറണം. പൊതുജീവിതത്തിൽ എങ്ങനെ പെരുമാറണമെന്ന് അവരെ പഠിപ്പിക്കണം. അതാണ് പ്രധാന''മെന്നും മുൻ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി ചൂണ്ടിക്കാട്ടി.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുന്ന വ്യക്തികൾക്കും വർഗീയ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. ബജ്റംഗ് ദളിനെയും പോപുലർ ഫ്രണ്ടിനെയും പോലുള്ള ഭൂരിപക്ഷ സമുദായത്തിലെയോ ന്യൂനപക്ഷ സമുദായത്തിലെയോ സംഘടനകളായാലും നിയമപ്രകാരം നിരോധനമടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് വാഗ്ദാനം.
നാലു വർഷത്തിനിടെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും ഒരു വർഷത്തിനകം പിൻവലിക്കും. ബി.ജെ.പി ഭരണകാലത്ത് പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പിൻവലിക്കും. സംവരണം 75 ശതമാനമാക്കുമെന്നതും 2015ലെ സാമൂഹിക -സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവിടുമെന്നതും അടക്കമുള്ള സുപ്രധാന വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.