ന്യൂഡൽഹി: രാജ്യത്തെ ആരാധനയങ്ങളുടെ കാര്യത്തിൽ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി തുടരുന്നതിന് 1991ൽ പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ അടിക്കല്ലിളക്കുകയെന്ന ബി.ജെ.പി അജണ്ടയാണ് സംഭൽ വർഗീയ സംഘർഷത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് എം.പിമാർ പാർലമെന്റിന് പുറത്ത് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സംഭൽ സംഘർഷം ലോക്സഭയിലും രാജ്യസഭയിലും അടിയന്തരമായി ചർച്ച ചെയ്യാൻ അനുവദിക്കാതെ ഇരുസഭകളും അധ്യക്ഷന്മാർ നിർത്തി വെച്ചതിനെ തുടർന്നായിരുന്നു വാർത്തസമ്മേളനം.
ആരാധനാലയങ്ങൾക്ക് നേരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വ്യാജ വാർത്തകൾ സൃഷ്ടിക്കലും സ്ഥാപനങ്ങളെ പിടിച്ചെടുക്കലുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. മുഗൾ ചക്രവർത്തിമാരുടെ കാലം മുതൽ സംഭലിൽ ഉള്ള മസ്ജിദ് ബാബരി മസ്ജിദിനെ പോലെ ചരിത്രം വക്രീകരിച്ച് തകർക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. ഇന്ത്യയിലാകെ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിഡിയോ എടുത്തു പരിശോധിച്ചാൽ സർവേ നടത്താനെന്ന പേരിൽ മസ്ജിദിനകത്തേക്ക് തള്ളിക്കയറിയ സംഘ്പരിവാർ പ്രവർത്തകർ പ്രകോപനാത്മകമായ മുദ്രവാക്യം വിളിക്കുന്നത് കാണാൻ സാധിക്കും. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളിൽ നിയമപരമായ പോരാട്ടത്തിന് മുന്നിൽനിന്ന സംഘടനയാണ്. ഈ പ്രശ്നത്തിലും ആ നിലപാട് തുടരുമെന്നും എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, അഡ്വ.വി.കെ. ഹാരിസ് ബീരാൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.