ന്യൂഡൽഹി: സംഭലിൽ മുസ്ലിം യുവാക്കളുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പിനെ ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ അപലപിച്ചു. ‘സംഭലിൽ നിരപരാധികളായ മുസ്ലിം യുവാക്കളുടെ ജീവനെടുത്ത പൊലീസ് വെടിവെപ്പിനെ ശക്തമായി അപലപിക്കുന്നു.
ഭരണകൂട അടിച്ചമർത്തലിന്റെയും വിവേചനത്തിന്റെയും പ്രത്യക്ഷമായ ഉദാഹരണമാണ് അവിടെയുണ്ടായ പൊലീസ് അതിക്രമം. ഓരോ പൗരനും അവകാശപ്പെട്ട ജീവനും അന്തസ്സിനുമുള്ള ഭരണഘടനാപരമായ അവകാശമാണ് ലംഘിക്കപ്പെട്ടത്. മസ്ജിദ് കമ്മിറ്റിയുടെ വാദം കേൾക്കാതെ സർവേക്ക് ഉത്തരവിട്ടത് നിയമപരമായ നിഷ്പക്ഷതക്കെതിരാണ്.
സർവേ സംഘത്തിനൊപ്പം സാമൂഹികദ്രോഹികളുടെ സാന്നിധ്യവും അവർ നടത്തിയ അക്രമങ്ങളും വർഗീയ സംഘർഷം അപകടകരമായി മൂർച്ഛിക്കാനിടയാക്കി. അതാണ് നിർഭാഗ്യകരമായ സംഭവങ്ങൾക്കും നിഷ്ഠുരമായ മരണത്തിനും കാരണമായത്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇരകൾക്കും കുടുംബത്തിനും നീതി ലഭ്യമാക്കാനും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയാണ്’- വാർത്ത കുറിപ്പിൽ സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.