ന്യൂഡൽഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭ നടപടികളിലേക്ക് കടന്നതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയാണ് അദാനി വിഷയം ഉന്നയിച്ചത്. അദാനിയുടെ കൈക്കൂലി കേസ് രാജ്യത്തെ മുഴുവൻ ബാധിക്കുന്നതാണെന്നും അതേക്കുറിച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടപ്പോഴേക്കും ഇതൊന്നും സഭാരേഖകളിൽ കാണില്ലെന്ന് പറഞ്ഞ് ചെയർമാൻ ജഗ്ദീപ് ധൻഖർ വിലക്കി. രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷികാഘോഷവേളയാണെന്ന് പറഞ്ഞ് ജഗ്ദീപ് ധൻഖർ വിഷയം വഴിതിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ അതിൽ തന്റെ 54 വർഷമുണ്ടെന്ന് പറഞ്ഞ് ഖാർഗെ അദാനിയിലേക്കുതന്നെ വന്നു. ഇന്നത്തെ അജണ്ട മാറ്റിവെച്ച് അദാനി വിഷയം ചർച്ച ചെയ്യണമെന്നും ഇതിനായി തങ്ങൾ നോട്ടീസ് നൽകിയതാണെന്നും ഖാർഗെ പറഞ്ഞു.
മോദി നിരന്തരം അദാനിയെ പിന്തുണക്കുകയാണെന്ന് ഖാർഗെ കുറ്റപ്പെടുത്തിയതും ചെയർമാൻ മൈക്ക് ഓഫ് ചെയ്തു. എന്നാൽ, അദ്ദേഹം സംസാരം തുടർന്നു. ഖാർഗെയെ പിന്തുണച്ച് വൈക്കോ രംഗത്തുവന്നെങ്കിലും ചെയർമാൻ അദ്ദേഹത്തെയും സംസാരിക്കാൻ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷ അംഗങ്ങളൊന്നാകെ ഖാർഗെക്ക് പിന്നിൽ അണിനിരന്നതോടെ ചെയർമാൻ സഭ നിർത്തിവെക്കാൻ നിർബന്ധിതനായി. തുടർന്ന് വീണ്ടും സമ്മേളിച്ചപ്പോഴും അദാനി ചർച്ച ആവശ്യപ്പെട്ടതിനാൽ 27ന് വീണ്ടും ചേരുമെന്ന് അറിയിച്ച് രാജ്യസഭ പിരിഞ്ഞു. അതേസമയം ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിലെത്തിയിരുന്നില്ല. ലോക്സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗോഗോയി അദാനിക്കെതിരായ കൈക്കൂലി കേസ് ചർച്ച ചെയ്യണമെന്നും ജെ.പി.സി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിക്കാതെ അന്തരിച്ച സിറ്റിങ് എം.പിമാർക്കും മുൻ എം.പിമാർക്കുമുള്ള അനുശോചനത്തിലേക്ക് സ്പീക്കർ ഓം ബിർള കടന്നു.
ചവാൻ വസന്ത് റാവു ബാലാസാഹെബ്, എസ്.കെ. നൂറുൽ ഇസ്ലാം എന്നീ രണ്ട് സിറ്റിങ് എം.പിമാർക്കും സി.പി.എം നേതാവ് എം.എം. ലോറൻസ് അടക്കമുള്ള മുൻ എം.പിമാർക്കും ആദരാഞ്ജലി അർപ്പിച്ചശേഷം 12 മണിവരെ സഭ നിർത്തിവെച്ചു. 12 മണിക്ക് വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷ എം.പിമാർ അദാനി, സംഭൽ വിഷയങ്ങൾ വീണ്ടുമുന്നയിച്ചതോടെ സഭ 27 വരെ നിർത്തിവെക്കുകയായിരുന്നു.
ന്യൂഡൽഹി: അദാനിയുടെ കൈക്കൂലിയും വഞ്ചനയും സാമ്പത്തിക ക്രമക്കേടും അടക്കമുള്ള വിഷയം സഭയിൽ വെക്കാൻ പ്രതിപക്ഷം ആഗ്രഹിച്ചപ്പോഴാണ് ചർച്ച നടക്കാതിരിക്കാൻ കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പാർലമെന്റിന് പുറത്ത് കുറ്റപ്പെടുത്തി. പാർലമെന്റ് നടത്താൻ അനുവദിക്കുന്നില്ലെന്ന് മോദി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുമ്പോഴാണ് അദാനി ചർച്ചയാകാതിരിക്കാൻ പാർലമെന്റ് നിർത്തിവെക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
ജനങ്ങളുടെ പണം കൈക്കൂലിക്കുപയോഗിച്ച ഗൗരവമായ വിഷയമാണിതെന്ന് ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുന്നിൽ ഈ വിഷയം വെക്കാനാണ് തങ്ങൾ ആഗ്രഹിച്ചത്. ഇതുകൂടാതെ മോദി എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെയും എന്തെല്ലാം കരാറുകൾ അദാനിക്ക് ലഭിക്കുന്നു എന്ന കാര്യവും ജനങ്ങൾ അറിയേണ്ടതും സഭയിൽ ചർച്ച ചെയ്യേണ്ടതുമാണ്. മോദി ബംഗ്ലാദേശിൽ പോയപ്പോൾ അവിടെയും മലേഷ്യയിലും ഇസ്രായേലിലും പോയപ്പോൾ അവിടെയും അദാനിക്ക് കരാർ നൽകിയതും ഉദാഹരണങ്ങളാണ്.
ആ ചർച്ച ആഗ്രഹിച്ചത് കൊണ്ടാണ് മറ്റു അജണ്ടകൾ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകിയതെന്നും ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.