മുഖ്യമന്ത്രിയുടെ സമൂസ കാണാതായതിൽ സി.ഐ.ഡി അന്വേഷണം; പരിഹാസവുമായി പ്രതിപക്ഷം

ഷിംല: മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിക്കാൻ കൊടുത്ത സംഭവത്തിൽ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖുവിന് കഴിക്കാൻ വെച്ചിരുന്ന സമൂസകളും കേക്കുമാണ് അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥർക്ക്‍ വിളമ്പിയത്.

ഒക്ടോബർ 21നാണ് സംഭവം. അന്ന് സി.ഐ.ഡി ആസ്ഥാനത്ത് എത്തിയ ഹിമാചൽ മുഖ്യമന്ത്രിക്ക് നൽകാനായി റാഡിസൺ ബ്ലൂ ഹോട്ടലില്‍ നിന്നാണ് മൂന്ന് പെട്ടി സമൂസകൾ വാങ്ങിയത്. എന്നാല്‍ അത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം വകുപ്പ് ജീവനക്കാരോട് ഈ പെട്ടികളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ മുഖ്യമന്ത്രിക്ക് വിളമ്പണോ എന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മെനുവിൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

മുഖ്യമന്ത്രിയെ അനുഗമിക്കുന്ന ജീവനക്കാർക്കുള്ള ലഘുഭക്ഷണത്തിനുള്ള ക്രമീകരണങ്ങളുടെ ചുമതല ചില ഉദ്യോഗസ്ഥരെ ഏൽപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. ഈ മൂന്ന് പെട്ടികൾക്കുള്ളിലെ സാധനങ്ങൾ മുഖ്യമന്ത്രിക്ക് നൽകാനായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ആ മൂന്ന് പെട്ടികളും തുറക്കാതെ കൈമാറിയതായും ഒരു വനിതാ ഉദ്യോഗസ്ഥ വ്യക്തമാക്കി.

ബോക്‌സുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ ഐ.ജിയുടെ മുറിയിൽ ഇരുന്ന 10-12 പേർക്ക് ചായയ്‌ക്കൊപ്പം നൽകിയിരുന്നതായി ചുമതലയേറ്റ ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നു. സംഭവത്തിൽ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടെന്ന അവകാശവാദം കോൺഗ്രസ് നിഷേധിച്ചു. അന്വേഷണ ഏജൻസി സ്വന്തം ഇഷ്ടപ്രകാരമാണ് അന്വേഷണം നടത്തുന്നതെന്നും പാർട്ടി വ്യക്തമാക്കി.

വിഷയത്തില്‍ ഹിമാചല്‍ പ്രദേശിലെ കോൺഗ്രസ് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ സമൂസയിൽ മാത്രമാണ് കോൺഗ്രസിന് താൽപര്യമെന്നും സംസ്ഥാനത്തിന്‍റെ വികസനത്തില്‍ അല്ലെന്നുമായിരുന്നു ബി.ജെ.പിയുടെ പരിഹാസം.

Tags:    
News Summary - Samosas for Himachal Chief Minister served to his security staff, CID probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.