ന്യൂഡൽഹി: 10 ഹൈകോടതികളിലെ ഒഴിവുകൾ നികത്തുന്നതിനായി 51 ജഡ്ജിമാരുടെ നിയമനത്തിന് സുപ്രീംകോടതി കൊളീജിയം അനുമതി നൽകി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള കൊളീജിയമാണ് സർക്കാർ നൽകിയ നിയമന നടപടിക്രമങ്ങൾ അംഗീകരിച്ചത്. ഇതിൽ 20 പേർ വിവിധയിടങ്ങളിൽ ന്യായാധിപരായി സേവനമനുഷ്ഠിക്കുന്നവരും 31 പേർ മുതിർന്ന അഭിഭാഷകരുമാണ്.
മുംബൈ, പഞ്ചാബ് ആൻഡ് ഹരിയാന, പട്ന, ഹൈദരാബാദ്, ഡൽഹി, ഛത്തിസ്ഗഢ്, ജമ്മു-കശ്മീർ, ഝാർഖണ്ഡ്, ഗുവാഹതി, സിക്കിം എന്നീ ഹൈകോടതികളിലാണ് നിയമനം. കൊളീജിയം അനുമതി നൽകിയ പട്ടിക കേന്ദ്ര സർക്കാർ വീണ്ടും അംഗീകരിക്കേണ്ടതുണ്ട്. ഉയർന്ന നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുണ്ടായ തർക്കത്തിനു ശേഷമുള്ള ആദ്യ നിയമനമാണിത്. നിലവിൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിന് പകരം േകന്ദ്രം കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ നിയമന കമീഷനെ 2015 ഒക്ടോബറിൽ സുപ്രീംകോടതി റദ്ദാക്കുകയും അത് സർക്കാറും കോടതിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇടയാക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന ചർച്ചകളുടെ ഫലമായാണ് നിയമനത്തിനായി പുതിയ നടപടിക്രമങ്ങളെക്കുറിച്ചുള്ള ധാരണപത്രം തയാറാക്കിയത്. ‘മെമോറാണ്ടം ഒാഫ് െപ്രാസീജിയർ’ എന്നാണ് ഇതറിയപ്പെടുന്നത്. നിലവില്‍ ഹൈകോടതികളില്‍ ആവശ്യമുള്ളത്ര ജഡ്ജിമാരില്ല. 1,079 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് ആകെ 679 പേര്‍ മാത്രമാണുള്ളത്. ഇതിനെ തുടർന്നാണ് 51 പേരെ നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.