ലഖ്നോ: ഭർത്താവിനെ ഉപേക്ഷിച്ച് നാലു കുട്ടികളുമായി കാമുകനൊപ്പം ജീവിക്കാൻ പാകിസ്താനിൽനിന്നും അനധികൃതമായി ഇന്ത്യയിലെത്തി മതം മാറി വാർത്തകളിൽ നിറഞ്ഞിരുന്ന സീമ ഹൈദർ വീണ്ടും അമ്മയായി. ഒന്നിലധിക യുട്യൂബ് ചാനലുകളിലൂടെ വലിയ ആരാധകവൃന്ദവും ലക്ഷങ്ങളുടെ വരുമാനവുമുള്ള കുടുംബം ഇപ്പോൾ സന്തോഷത്തിലാണ്. എല്ലാം ലക്ഷ്മി ദേവിയുടെ അനുഗ്രഹമെന്ന് ഭർത്താവ് സച്ചിൻ മീണ പറയുന്നു.
ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ നടന്ന പ്രസവത്തിലൂടെ പെൺകുഞ്ഞിനെ വരവേറ്റിരിക്കുകയാണ് കുടുംബം. സീമയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് സീമയുടെ അഭിഭാഷകൻ എ.പി സിങ് പറഞ്ഞു.
പബ്ജി ഗെയിമിലൂടെയാണ് സച്ചിനും മീണയും പരിചയപ്പെട്ടത്. അനധികൃതമായി ഇന്ത്യയിലെത്തിയതോടെ മതം മാറിയ സീമ നാലു മക്കളുടെ പേരും മാറ്റിയിരുന്നു. സച്ചിനൊപ്പം താമസിച്ചുവരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാൻ ഒരുങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ചു. പിന്നീട് സച്ചിനെ വിവാഹം കഴിക്കുകയായിരുന്നു.
ഒരുകാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന സീമക്കും സച്ചിനും ഇപ്പോൾ യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സ്ഥിരമായ വരുമാനമുണ്ട്. പ്രതിമാസം ലക്ഷങ്ങൾ വരുമാനം നേടുന്നുണ്ടെന്നാണ് പറയുന്നത്.
കുഞ്ഞിന് എന്ത് പേരിടണമെന്ന് സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ ആരാധകരോട് ചോദിച്ചിരിക്കുകയാണ് ദമ്പതികൾ. ഇന്ത്യൻ സംസ്കാരത്തിനും ഹിന്ദു മതത്തിനും ചേർന്ന പേരായിരിക്കണമെന്ന് ദമ്പതികൾക്ക് നിർബന്ധമുണ്ട്. ആരാധകർ ഏറ്റവും കൂടുതൽ നിർദേശിക്കുന്ന പേരായിരിക്കും തെരഞ്ഞെടുക്കുകയെന്നും സീമയും സച്ചിനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.