കേരളത്തിൽ ബസ് ഇറങ്ങുന്നവർക്കും നോക്കുകൂലി ചുമത്തുന്ന കമ്യൂണിസം -നിർമല സീതാരാമൻ

ന്യൂഡൽഹി കേരള ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയ കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു (ഫയൽ ചിത്രം)

കേരളത്തിൽ ബസ് ഇറങ്ങുന്നവർക്കും നോക്കുകൂലി ചുമത്തുന്ന കമ്യൂണിസം -നിർമല സീതാരാമൻ

ന്യൂഡൽഹി: ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്ക് പോലും നോക്കുകൂലി ചുമത്തുന്ന രീതിയിലുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആ കമ്യൂണിസമാണ് കേരളത്തിലും പശ്ചിമ ബംഗാളിലും  വ്യവസായം തകർത്തതെന്നും രാജ്യസഭയിൽ മന്ത്രി ആരോപിച്ചു. 

‘നോക്കുകൂലിയെന്ന പ്രതിഭാസം വേറെ എവിടെയുമില്ല. ബസ് യാത്രക്കാരുടെ ലഗേജ് ഇറക്കിവെക്കാൻ പോർട്ടർമാർ 50 രൂപ കൂലി വാങ്ങും. ഒപ്പം, അത്രസമയം നോക്കിനിന്നതിന് 50 രൂപ കൂടി വാങ്ങും. ഇതാണ് നോക്കുകൂലി.  സി.പി.എമ്മുകാരാണ് ഇതിന് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. രണ്ടുദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നു. തന്നെ കൂടുതൽ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നും ആ മേഖലയിൽ നിന്നുള്ളയാളാണ് താനെന്നും പ്രതിപക്ഷ അംഗങ്ങളോട് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസിൽ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലെയാണ് നിർമലയുടെ വിമർശനം.

അതിനിടെ, ‌കേന്ദ്രമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ദുരൂഹത ആരോപിച്ച് കൂടുതൽ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു. ഗവർണറുടെ സാന്നിധ്യത്തിലുള്ള കൂടിക്കാഴ്ച അസാധാരണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വ്യക്തത വരുത്തണമെന്നും കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയാണ് അനൗപചാരികം എന്ന് മുഖ്യമന്ത്രി പറയുന്നത്. കൂടിക്കാഴ്ചയിൽ എന്ത് സംസാരിച്ചു എന്നതിലും വ്യക്തതയില്ല. ഇതാണ് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്. പ്രതിസന്ധിഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ ധനമന്ത്രിയുമായി ഗവർണറുടെ സാന്നിധ്യത്തിൽ എന്തു ചർച്ച ചെയ്തു എന്നും കെ.സി.വേണുഗോപാൽ എംപി ചോദിച്ചു.

അവരിട്ടാൽ ബർമുഡ ഞങ്ങൾ ഇട്ടാൽ വള്ളി ട്രൗസർ എന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപിയും പരിഹസിച്ചു. വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കെയുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിന് തന്നെ തേജോവധം ചെയ്തവർ നട്ടെല്ല് ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ‌കൂടിക്കാഴ്ചയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തുവന്നു. മുഖ്യന്ത്രിയും കേന്ദ്രധനമന്ത്രിയും ഒരുമിച്ചിരുന്ന് ഒരുചായകുടിച്ചതിലെന്താണ് തെറ്റെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഡല്‍ഹിയിലൊക്കെ ഇത്തരം ചായസല്‍ക്കാരങ്ങള്‍ പതിവാണെന്നും ഇതിനെയൊക്കെ സംശയദൃഷ്ടിയോടെ കാണുന്നത് രാഷ്ട്രീയം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - CPIM imposes nokkukooli on bus passengers in Kerala -Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.