ന്യൂഡൽഹി: കൂറുമാറ്റം ആരോപിച്ച് രാജ്യസഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ട മുൻ ജനതാദൾ-യു പ്രസിഡൻറും വിമത എം.പിയുമായ ശരദ് യാദവിന് ശമ്പളവും അലവൻസും ലഭിക്കാൻ അർഹതയില്ലെന്നും എന്നാൽ, അദ്ദേഹത്തിന് ഒൗദ്യോഗിക വസതി കൈവശം വെക്കാമെന്നും സുപ്രീംകോടതി. അയോഗ്യത കൽപിച്ചതിനെതിരെ ശരദ് സമർപ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
ഡിസംബർ 15ന് ഡൽഹി ഹൈകോടതിയുടെ ഉത്തരവിൽ അദ്ദേഹത്തിന് എം.പി വസതിയും ഹരജിയിൽ തീർപ്പു കൽപിക്കുംവരെ ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ജനതാദൾ-യു രാജ്യസഭാംഗം രാമചന്ദ്ര പ്രസാദ് സിങ് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എ.കെ. ഗോയൽ, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ചിെൻറ വിധി. ശരദ് യാദവിന് അയോഗ്യത കൽപിച്ചത് ഹൈകോടതി സ്റ്റേ ചെയ്തിട്ടില്ല.
2016ലാണ് ശരദ് യാദവ് ബിഹാറിൽനിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കെപ്പട്ടത്. നിതീഷ് കുമാറിെൻറ നേതൃത്വത്തിൽ ജനതാദൾ യുനൈറ്റഡ് എൻ.ഡി.എ സഖ്യത്തിലേക്ക് ചുവടുമാറിയതാണ് ശരദ് യാദവിെൻറ നില പരുങ്ങലിലാക്കിയത്. സഖ്യത്തെ എതിർത്ത ശരദ് യാദവിനെ നീതിഷ് പുറത്താക്കുകയും കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.