ന്യൂഡൽഹി: തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസശമ്പളം നൽകുമെന്ന മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസന്‍റെ പ്രസ്താവനയെ ചൊല്ലിയുള്ള വാക്പോര് രൂക്ഷമാകുന്നു. കോൺഗ്രസ് നേതാവ് ശശി തരൂർ കമലിനെ അനുകൂലിച്ചാണ് രംഗത്തെത്തിയതെങ്കിൽ ബോളിവുഡ് താരം കങ്കണ റണാവത്ത് പ്രസ്താവനയെ എതിർക്കുകയായിരുന്നു. ശശി തരൂരിന്‍റെ പ്രസ്താവനക്കെതിരെ ദൈവത്തിന്‍റെ സൃഷ്ടിയായ വീടിന്‍റെ നാഥയെ വെറുമൊരു ജീവനക്കാരി മാത്രമായി തരംതാഴ്ത്തുകയാണെ വാദവുമായാണ് കങ്കണ രംഗത്തെത്തിയത്. എന്നാൽ കങ്കണക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശശി തരൂർ ഇപ്പോൾ.
വീട്ടമ്മയുടെ ജീവിതത്തിൽ വിലമതിക്കാനാകാത്ത നിരവധി കാര്യങ്ങളുണ്ടെന്ന കങ്കണയുടെ വാദം താൻ അംഗീകരിക്കുന്നുവെന്നും ഇത് ശമ്പളമില്ലാത്ത ജോലിയുടെ മൂല്യം തിരിച്ചറിയുന്നതിന് വേണ്ടിയാണെന്നും എല്ലാ സ്ത്രീകൾക്കും അടിസ്ഥാന ശമ്പളം ഉറപ്പുവരുത്തുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.
'വീട്ടമ്മയുടെ ജീവിതത്തിൽ വിലമതിക്കാനാകാത്ത നിരവധി കാര്യങ്ങളുണ്ടെന്ന കങ്കണയുടെ വാദത്തെ അംഗീകരിക്കുന്നു. എന്നാൽ, ഇത് അക്കാര്യങ്ങളെക്കുറിച്ചല്ല. ഇത് ശമ്പളമില്ലാത്ത ജോലിയുടെ മൂല്യം തിരിച്ചറിയുന്നതിന് വേണ്ടിയാണ്. എല്ലാ സ്ത്രീകൾക്കും അടിസ്ഥാന ശമ്പളം ഉറപ്പുവരുത്തുകയും ചെയ്യണം. എല്ലാ ഇന്ത്യൻ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
തമിഴ്നാട്ടിൽ അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസ ശമ്പളം നൽകുമെന്ന പ്രസ്താവനയുമായി ഡിസംബർ 21നാണ് കമൽ ഹാസൻ രംഗത്തെത്തിയത്. പിന്നീട് കമൽ ഹാസന്‍റെ പ്രസ്താവനയെ പിന്തുണച്ചും വീട്ടമ്മമാർക്ക് പ്രതിമാസ വേതനം നൽകുന്ന പദ്ധതിയെ സ്വാഗതം ചെയ്തും ശശി തരൂർ രംഗത്തെത്തുകയായിരുന്നു. ശശി തരൂരിന്‍റെ ട്വീറ്റ് ഷെയർ ചെയ്തായിരുന്നു കങ്കണയുടെ പ്രതികരണം.
'പ്രണയത്തിന്‍റെ ഭാഗമായ ഞങ്ങളുടെ ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിൽ വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള ഞങ്ങളുടെ അവകാശത്തിന് നിങ്ങൾ വില നിശ്ചയിക്കരുത്. എല്ലാം വെറും വ്യാപാരമായി മാത്രം കാണരുത്. പൂർണമായി നിങ്ങളുടെ പ്രണയിനിക്ക് കീഴടങ്ങുക. അവൾക്ക് നിങ്ങളുടെ എല്ലാം ആവശ്യമാണ്. സ്േനഹവും ബഹുമാനവും ശമ്പളവും മാത്രമല്ല' -എന്നായിരുന്നു കങ്കണ ട്വീറ്റ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.