മുംബൈ: വഖഫ് നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ അല്ലെന്നും അതുവഴി രാജ്യത്ത് ‘ഹിന്ദു-മുസ്ലിം’ കഥ മെനയുകയാണ് ലക്ഷ്യമെന്നും ഉദ്ധവ് താക്കറെ പക്ഷ ശിവസേന എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അരവിന്ദ് സാവന്ത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി മേധാവി ജഗദാംബിക പാൽ, പാനൽ അജണ്ട കാറ്റിൽപറത്തി വഞ്ചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഏകാധിപത്യ സ്വഭാവമാണെന്നും അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തി.
10 പ്രതിപക്ഷ പാർട്ടി അംഗങ്ങളെ പാനലിൽനിന്ന് സസ്പെൻഡ് ചെയ്തത് ഇതിന്റെ ഭാഗമാണ്. ബി.ജെ.പി നേതാക്കളുടെ നിർദേശാനുസരണമാണ് പാനൽ അധ്യക്ഷൻ പ്രവർത്തിക്കുന്നതെന്നും വഖഫ് ഭേദഗതി ബില്ലിലെ ജോയന്റ് കമ്മിറ്റി അംഗമായിരുന്ന സാവന്ത് കൂട്ടിച്ചേർത്തു. ‘‘ഹിന്ദുക്കളെ സംരക്ഷിക്കാനെന്ന പേരിൽ ‘ഹിന്ദു-മുസ്ലിം’ കഥ സ്ഥാപിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഞങ്ങളും ഹിന്ദുക്കളെ സംരക്ഷിക്കുന്നു. എന്നാൽ, ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കുക എന്നതിന്റെ അർഥം മറ്റുള്ളവർക്കെതിരെ വിദ്വേഷം വളർത്തുക എന്നല്ല. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ശക്തമായി എതിർക്കും’’ -സാവന്ത് പറഞ്ഞു.
പ്രതിപക്ഷം ഉയർത്തിയ ആശങ്കകൾ പരിശോധിക്കാനെന്ന പേരിൽ സമിതിയിൽ ഉൾപ്പെടുത്തിയത് ആർ.എസ്.എസിലെയും അനുബന്ധ സംഘടനയായ വനവാസി ആശ്രമത്തിലെയും ആളുകളെയാണ്. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിംകളെയും അധിക ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താനാണ് നീക്കം. തെരഞ്ഞെടുപ്പിന് പകരം ഇനി അംഗങ്ങളെ സർക്കാർ നിയമിക്കുകയാണ് ചെയ്യുക. ഇതാണോ ന്യായം -അദ്ദേഹം ചോദിച്ചു. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സാവന്തിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.