ന്യൂഡൽഹി: യു.പിയിലെ നിയമസഭാ തെരഞ്ഞെടുപ്പു മുറുകിയപ്പോൾ സമാജ്വാദി പാർട്ടി നേതാക്കൾ അടക്കിവെച്ച കുടുംബകലഹം വീണ്ടും അണപൊട്ടി. സ്ഥാപക നേതാവായ മുലായം സിങ്ങിനെ മുന്നിൽ നിർത്തി ‘സമാജ്വാദി സെക്കുലർ മോർച്ച’ രൂപവത്കരിക്കുമെന്ന് ഇളയ സഹോദരൻ ശിവ്പാൽ യാദവ് പ്രഖ്യാപിച്ചു. മുലായമിെൻറ മകനും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിെൻറ നേതൃത്വം വകവെക്കാതെ പാർട്ടിയിൽനിന്നൊരു ഇറങ്ങിപ്പോക്കിനാണ് ശിവപാൽ ഒരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടപ്പെട്ടവരെ സ്ഥാനാർഥികളാക്കാതെ വന്നപ്പോൾ ശിവ്പാലും സംഘവും ബി.ജെ.പി സ്ഥാനാർഥികളുടെ വിജയത്തിന് പണിയെടുത്തുവെന്ന് പാർട്ടി നേതൃത്വം കരുതുന്നുണ്ട്. സമാജ്വാദി പാർട്ടിയുടെ പതനത്തിന് ആക്കം കൂട്ടിയ ഘടകം ഇൗ രഹസ്യബന്ധമാണെന്ന് പറയുന്നു. ഇനിയിപ്പോൾ അഖിലേഷിനൊപ്പം നിന്നാൽ പ്രയോജനമൊന്നുമില്ലെന്ന കാഴ്ചപ്പാടാണ് ശിവ്പാലിനെ നയിക്കുന്നത്. ഒാർമത്തെറ്റു കൂടിയുള്ള 77കാരനായ മുലായത്തെ ഒപ്പം നിർത്താൻ അേദ്ദഹത്തിന് തൽക്കാലം കഴിഞ്ഞിട്ടുണ്ട്.
സാമൂഹിക നീതി അടിസ്ഥാന പ്രമാണമാക്കി മതേതര മോർച്ച രൂപവത്കരിക്കുമെന്നും നേതാജി ദേശീയ പ്രസിഡൻറായിരിക്കുമെന്നും മുലായവുമായി നടത്തിയ ചർച്ചകൾക്കു ശേഷം ശിവ്പാൽ ഇറ്റാവയിൽ വാർത്താലേഖകരോട് പറഞ്ഞു. മൂന്നു മാസത്തിനകം പാർട്ടി നേതൃസ്ഥാനം മുലായമിന് തിരിച്ചേൽപിക്കാൻ അഖിലേഷിന് അന്ത്യശാസനം നൽകി ദിവസങ്ങൾക്കകമാണ് ശിവ്പാലിെൻറ നീക്കം.
പുതിയ പാർട്ടിയുടെ പ്രവർത്തനരീതി എന്താണെന്ന കാര്യത്തിൽ അവ്യക്തത ബാക്കിയുണ്ട്. ചിതറിപ്പോയ സോഷ്യലിസ്റ്റുകളെ മുലായത്തിനു കീഴിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ശിവ്പാൽ പറഞ്ഞു. അതുകൊണ്ടു തന്നെ പാർട്ടിക്കുള്ളിൽ സമാന്തര പ്രവർത്തനമാണോ ഉദ്ദേശിക്കുന്നതെന്ന കാര്യവും അവ്യക്തം. ഇത്തരത്തിലൊരു പ്രവർത്തനത്തിന് ഇറങ്ങുന്നതിനു മുമ്പ് ശിവ്പാൽ പാർട്ടിയിൽ നിന്ന് ആദ്യം രാജിവെക്കണമെന്ന് സമാജ്വാദി പാർട്ടി രാജ്യസഭാംഗം നരേഷ് അഗർവാൾ ആവശ്യപ്പെട്ടു. എന്താണ് അദ്ദേഹം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനുതന്നെ വ്യക്തമല്ലെന്നും നരേഷ് അഗർവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.