ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ഹാക്കിങ് സംബന്ധിച്ച് പ്രതിപക്ഷത്തെ വെട്ടിലാക്കി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയാണ് ഇ.വി.എം ഹാക്കിങ്ങിനെ സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ഇ.വി.എമ്മുകളെ കുറിച്ച് സംശയമുണ്ടെങ്കിൽ അത് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് കാണിച്ച് കൊടുക്കണമെന്ന് അഭിഷേക് ബാനർജി പറഞ്ഞു.
ഇ.വി.എമ്മുകളെ കുറിച്ച് ചോദ്യം ഉയർത്തുന്നവർ തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പോയി ഹാക്കിങ് നടത്തുന്നത് എങ്ങനെയാണെന്ന് കാണിച്ച് കൊടുക്കണം. ഇ.വി.എമ്മുകളുടെ പരിശോധന സമയത്തും മോക് പോളിന്റെവേളയിലും വോട്ടെണ്ണലിലും യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കരുതേണ്ടി വരുമെന്നും അഭിഷേക് ബാനർജി പറഞ്ഞു.
എന്നിട്ടും ആർക്കെങ്കിലും ഇ.വി.എമ്മിൽ സംശയമുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ കണ്ട് എങ്ങനെ ഹാക്കിങ് നടത്താമെന്ന് കാണിച്ച് കൊടുക്കുകയാണ് വേണ്ടതെന്നും അഭിഷേക് ബാനർജി പറഞ്ഞു. ഇതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് എം.പിയുടെ പരാമർശത്തിൽ പ്രതികരണവുമായി ബി.ജെ.പിയും കേന്ദ്രസർക്കാറും രംഗത്തെത്തി.
തൃണമൂൽ കോൺഗ്രസിന് സത്യം മനസിലായെന്ന് കേന്ദ്രമന്ത്രി സതീഷ് ചന്ദ്ര ദുബൈ പറഞ്ഞു. രണ്ട് തെരഞ്ഞെടുപ്പുകൾ ഈയടുത്തായി നടന്നു. ജമ്മുകശ്മീരിലും ഝാർഖണ്ഡിലുമാണ് തെരഞ്ഞെടുപ്പുകൾ നടന്നത്. ജമ്മുകശ്മീരിലും ഝാർഖണ്ഡിലും ഇൻഡ്യ സഖ്യമാണ് അധികാരത്തിലെത്തിയത്. രണ്ടിടത്തും ഇൻഡ്യ സഖ്യം വിജയിച്ചപ്പോൾ ഇ.വി.എമ്മുകളുടെ വിശ്വാസ്യതയിൽ പ്രതിപക്ഷത്തിന് സംശയമുണ്ടായിരുന്നില്ല. നുണയിൽ പടുത്തുയർത്തിയ ഇൻഡ്യ സഖ്യം അധികകാലം നിലനിൽക്കാൻ പോകുന്നില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.