നിരത്തുകളിൽ ഭിക്ഷാടനം പൂർണമായും ഇല്ലാതാക്കാൻ ഇൻഡോർ; യാചകർക്ക് പണം നൽകുന്നവർക്കെതിരെ കേസ്

ഭോപ്പാല്‍: നിരത്തുകളിൽ നിന്ന് യാചകരെ പൂർണമായും ഒഴിവാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങി ഇൻഡോർ. യാചകർക്ക് പണം നൽകുന്നവർക്കെതിരെ കേസെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ജനുവരി മുതൽ കേസ് എടുത്ത് തുടങ്ങും. നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ അവസാനം വരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.

ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നതായും ജില്ലാ കളക്ടര്‍ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇൻഡോറിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്ദോര്‍, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളും ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാർ പദ്ധതി.

യാചകരെ നിരത്തുകളിൽ നിന്ന് ഒഴിവാക്കുന്ന പദ്ധതിയുടെ ഭാഗമായി ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സ്വന്തമായി വീടുകൾ ഉള്ളവരാണ് യാചകരിൽ പലരും. ഇവരുടെ മക്കൾക്കെല്ലാം നല്ല ജോലിയുണ്ടെന്നും ഒരിക്കല്‍ ഒരു യാചകനില്‍ നിന്ന് 29,000 രൂപ കണ്ടെത്തിയതായും പ്രോജക്ട് ഓഫീസര്‍ ദിനേശ് മിശ്ര പറഞ്ഞു.

സന്നദ്ധ സംഘടനയുടെയാണ് ഇൻഡോറിൽ യാചകരെ പൂർണമായും ഒഴിവാക്കുന്നതെന്ന് മധ്യപ്രദേശ് സാമൂഹികക്ഷേമ മന്ത്രി നാരായണ്‍ സിങ് കുശ്വാഹ പറഞ്ഞു. യാചകര്‍ക്ക് സംഘടന താമസ സൗകര്യം നല്‍കുകയും തൊഴില്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ഭിക്ഷാടനത്തില്‍ നിന്ന് ആളുകളെ മോചിപ്പിക്കാനുള്ള തീവ്ര പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - those-who-give-money-to-beggars-will-now-face-police-case-in indore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.