കള്ളക്കേസ് ചുമത്തി, പ്രായം തിരുത്തി; 14കാരനായ മകൻ അഞ്ച് മാസമായി ജയിലിലെന്ന് ബിഹാറിലെ വിവരാവകാശ പ്രവർത്തകൻ

പാറ്റ്ന: അഴിമതിക്കെതിരെ താൻ പ്രതികരിച്ചതിന്‍റെ പേരിൽ 14കാരനായ മകനെ കള്ളക്കേസിൽ കുടുക്കി പ്രായം തിരുത്തി അഞ്ച് മാസമായി ജയിലിലടച്ചിരിക്കുകയാണെന്ന് ബിഹാറിലെ വിവരാവകാശ പ്രവർത്തകൻ. സംഭവത്തിൽ ഡി.ജി.പി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഫെബ്രുവരി 29ന് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വരുംവഴിയാണ് മറ്റ് രണ്ടുപേരോടൊപ്പം തന്‍റെ മകനെ കസ്റ്റഡിയിലെടുത്തതെന്ന് വിവരാവകാശ പ്രവർത്തകൻ പറയുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മൂവരും. നാടൻ തോക്കും വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായാണ് പൊലീസ് അവകാശപ്പെട്ടത്. തുടർന്ന് ആയുധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

തന്‍റെ മകൻ നിരപരാധിയാണെന്നും തന്നോടുള്ള വിദ്വേഷം തീർക്കാനാണ് മകനെ ജയിലിലടച്ചതെന്നും വിവരാവകാശ പ്രവർത്തകൻ പറയുന്നു. അഞ്ച് പരീക്ഷകളിലായി 83 ശതമാനം മാർക്ക് നേടിയ മകന് അവസാന പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല. 2006ൽ ജനിച്ച മകന്‍റെ പ്രായം പൊലീസ് തിരുത്തിയാണ് കുറ്റം ചുമത്തിയതെന്നും ആരോപിക്കുന്നു.

ബിഹാർ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ അഴിമതിക്കെതിരെ നിയമയുദ്ധം നയിച്ചതിനാണ് തനിക്കെതിരെ പ്രതികാരമെന്ന് ഇദ്ദേഹം പറയുന്നു. പ്രായപൂർത്തിയാകാത്ത മകനെ മുതിർന്നവർക്കുള്ള കുറ്റം എങ്ങിനെയാണ് ചുമത്തുക? പരീക്ഷ കഴിഞ്ഞുവരുന്ന കുട്ടി കൈയിൽ തോക്ക് കരുതിയെന്ന പൊലീസിന്‍റെ കഥ ആർക്കാണ് വിശ്വസിക്കാൻ കഴിയുകയെന്നും ഇദ്ദേഹം ചോദിക്കുന്നു.

ലോക്ഡൗണിന്‍റെ സാഹചര്യത്തിൽ കോടതി പ്രവർത്തിക്കാത്തത് ഇക്കാര്യത്തിൽ നിയമനടപടിക്ക് തടസമായെന്ന് വിവരാവകാശ പ്രവർത്തകന്‍റെ അഭിഭാഷകൻ പറഞ്ഞു. ബാലാവകാശ കമീഷനെ സമീപിച്ചതായും സ്കൂളിൽ നിന്ന് വയസ് തെളിയിക്കുന്ന രേഖ നൽകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

തനിക്ക് ലഭിച്ച നിർദേശപ്രകാരമാണ് കാര്യങ്ങൾ ചെയ്തതെന്നാണ് കുട്ടിയെ അറസ്റ്റ് ചെയ്ത രാജ്പുർ പൊലീസ് എ.എസ്.ഐ പറഞ്ഞത്.

സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ബക്സർ എസ്.പിയോട് റിപ്പോർട്ട് തേടിയതായും ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡേ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.