ചെന്നൈ: മുൻ മുഖ്യമന്ത്രി എം. കരുണാനിധിയും മകൻ എം.കെ. സ്റ്റാലിനും രണ്ടു ദശാബ്ദ കാലത്തിലേറെ അരങ്ങുവാണ തമിഴ്നാട് നിയമസഭയിലേക്ക് തലമുറമാറ്റത്തിനായി മകൻ ഉദയ്നിധിയും. 1996 മുതൽ കരുണാനിധി അന്തരിച്ച 2018 ആഗസ്റ്റ് ഏഴുവരെയും പിതാവിനൊപ്പം ഇളയ മകനായ എം.കെ. സ്റ്റാലിനും നിയമസഭയിൽ ഒന്നിച്ചുണ്ടായിരുന്നു. 2006-11 കാലയളവിൽ കരുണാനിധി മുഖ്യമന്ത്രിയും സ്റ്റാലിൻ തദ്ദേശ മന്ത്രിയുമായിരുന്നു. 2009 മേയ് മുതൽ ഉപമുഖ്യമന്ത്രിയും.
ഉദയ്നിധി മുത്തച്ഛൻ കരുണാനിധിയുടെ മറീന ബീച്ചിലെ സമാധി കൂടി ഉൾപ്പെടുന്ന ചേപ്പാക്കം- തിരുവല്ലിക്കേണി മണ്ഡലത്തിൽനിന്നാണ് ജയിച്ചുകയറിയത്. മൂന്നു തവണ കരുണാനിധി വിജയിച്ച സീറ്റ് കൂടിയാണിത്. ഉദയ്നിധി ആദ്യമായാണ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒരു വർഷം മുമ്പ് ഉദയ്നിധിയെ ഡി.എം.കെ യുവജന വിഭാഗം ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാൽ, സ്റ്റാലിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉദയ്നിധിയെ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.
തൂത്തുക്കുടി ലോക്സഭാംഗമായ കരുണാനിധിയുടെ മകൾ കനിമൊഴി ഡി.എം.കെയുടെ ദേശീയമുഖമായാണ് അറിയപ്പെടുന്നത്. സ്റ്റാലിനും ഉദയ്നിധിയും മറീന ബീച്ചിലെ കരുണാനിധി സമാധി സന്ദർശിച്ച് വിജയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് വണങ്ങി. പിന്നീട് ഉദയ്നിധിയെ പിതാവ് സ്റ്റാലിനും ആശീർവദിച്ചു. അഭിനേതാവ് കൂടിയായ ഉദയ്നിധി ഡി.എം.കെ സ്ഥാനാർഥികൾക്കുവേണ്ടി തമിഴകമൊട്ടുക്കും പര്യടനം നടത്തിയിരുന്നു.
പളനിസാമി രാജിക്കത്ത് നൽകി; സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
ചെന്നൈ: ഡി.എം.കെ കേവല ഭൂരിപക്ഷം നേടിയതോടെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി രാജിവെച്ചു. രാജിക്കത്ത് ഗവർണർ ബൻവാരിലാൽ പുരോഹിതിന് സമർപ്പിച്ചു. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്റ്റാലിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.