വാ​ണി​യം​കു​ളം കാ​ലി​ച്ച​ന്ത 

കന്നുകാലി ശല്യം വർധിച്ചതോടെ രാജ്യം മുഴുവൻ ഉറക്കമില്ലാത്ത കാവൽക്കാരെപ്പോലെയായി - സമാജ് വാദി പാർട്ടി നേതാവ്

ന്യൂഡൽഹി: തെരുവുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യം വർധിച്ചതോടെ രാജ്യം മുഴുവൻ ഉറക്കമില്ലാത്ത കാവൽക്കാരെപ്പോലെയായെന്ന് സമാജ്വാദി പാർട്ടി എം.പി ഡിംപിൾ യാദവ്. അടുത്തിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഈ പ്രശ്നം പരഹരിക്കാൻ എന്തെങ്കിലും കരുതിവച്ചിട്ടുണ്ടോയെന്നും എം.പി പരിഹസിച്ചു.

കേന്ദ്ര ബജറ്റിനെ കുറിച്ച് നടന്ന ചർച്ചയിൽ കർഷകരും യുവാക്കളും നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പറഞ്ഞ എം.പി ബി.ജെ.പി മുന്നോട്ടുവെച്ച വാ​ഗ്ദാനങ്ങളെയും ചോദ്യം ചെയ്തു.

"നമ്മുടേത് ഒരു കാർഷിക രാഷ്ട്രമാണ്. നമ്മുടെ യുവാക്കളുടെ ഭാവി ഉറപ്പാക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ നമ്മൾ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണ്. സർക്കാർ കാർഷിക മേഖലക്ക് വേണ്ടി ബജറ്റിൽ എന്താണ് മാറ്റിവെച്ചിരിക്കുന്നത്? ഉത്തർപ്രദേശിന് എന്താണ് ലഭിച്ചത്? കഴിഞ്ഞ് പത്ത് വർഷത്തിനിടയിൽ ഒരു മണ്ഡിയെങ്കിലും പണിതിട്ടുണ്ടോ? ജി.എസ്.ടിയിൽ നിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? തെരുവുകളിലെ കന്നുകാലികളെ തടയാൻ എന്തെങ്കിലും ബജറ്റിൽ പരാമർശിച്ചിട്ടുണ്ടോ‍? കർഷക നിയമങ്ങൾക്കെതിരായ സമരത്തിൽ 700 കർഷകർ മരണപ്പെട്ടു. ഒരു ലക്ഷത്തോളം കർഷകരാണ് 2014-22 കാലയളവിൽ ആത്മഹത്യ ചെയ്തത്. കർഷക ഇൻഷുറൻസ് പദ്ധതി എത്രത്തോളം പ്രയോജനം നൽകി? കന്നുകാലി സമ്പദ്‌വ്യവസ്ഥ തകരുകയാണ്, പണപ്പെരുപ്പം ഉയരുകയാണ്. തൊഴിൽ വാഗ്ദാനങ്ങളിൽ യുവാക്കൾ നിരാശരാണ്, തൊഴിലില്ലായ്മ വർധിക്കുന്നു, അ​ഗ്നിപഥ് പോലുള്ള പദ്ധതികൾ യുവാക്കളുടെ മനോവീര്യം കുറക്കുകയാണ്. ജാതി സെൻസസിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും നേരെ സർക്കാർ കണ്ണടയ്ക്കുകയാണ്," ഡിംപിൾ യാദവ് പറഞ്ഞു.

ബജറ്റ് അവതരണത്തിന് പിന്നാലെ കടുത്ത വിമർശനമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയർന്നത്. ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി നൽകിയ ബജറ്റ് എന്നായിരുന്നു പൊതുവിമർശനം. 30,000 കോടി രൂപയുടെ പ്രത്യേക സഹായമാണ് ഇരു സംസ്ഥാനങ്ങൾക്കുമായി കേന്ദ്രം നൽകിയത്. ഇതിൽ ആന്ധ്രപ്രദേശിന് 15,000 കോടി മുതൽ 20,000 കോടി വരെയും ബിഹാറിന് 5000 മുതൽ 10,000 കോടി വരെയും ലഭിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

പ്രത്യേക സഹായമെന്ന പേരിലാണ് ഇരു സംസ്ഥാനങ്ങൾക്ക് കേ​ന്ദ്രസർക്കാർ വൻ സഹായം നൽകുന്നത്. ഇടക്കാല ബജറ്റിൽ 4000 കോടി മാത്രമുണ്ടായിരുന്ന സഹായമാണ് സമ്പൂർണ്ണ ബജറ്റിൽ വൻതോതിൽ ഉയർത്തിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ വാരിക്കോരി സഹായം നൽകുന്നത്.

Tags:    
News Summary - Stray cattle turned entire country into 'chowkidars': Dimple Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.